പ്രപഞ്ചത്തെ മൊത്തമായി വീക്ഷിച്ചാല്‍ ഈശ്വര സാന്നിദ്ധ്യം തുളുമ്പാത്തതായി ഒരിടവും ഉണ്ടാവില്ല. സൃഷ്ടി ഏതുതന്നെ ആയാലും പരമാണു മുതല്‍ അണ്ഡകടാഹം മൊത്തമായി നിറഞ്ഞുതുളുമ്പുന്ന മഹാവൈഭവം സര്‍വ്വവ്യാപിയായി നിലകൊള്ളുമെന്ന് ബ്രഹ്മജ്ഞാനികള്‍ക്ക് അറിയാം. സകല ചരാചരങ്ങളിലും നിലകൊള്ളുന്ന പരമാണുവിലെ വൈഭവം ലാഘവത്തോടെ ഒന്നു മറ്റൊന്നുമായി സമ്മേളിച്ച് ഈശ്വരചൈതന്യം നിലനിര്‍ത്തി മറ്റൊന്നായി പരിണമിച്ച് തുടരുന്നു. ഈ പ്രക്രിയയില്‍ സൃഷ്ടി, സൃഷ്ടിയെ തിരിച്ചറിയാതെ പ്രപഞ്ചത്തെ തന്റെ ഇച്ഛയ്‌ക്കു വിധേയമാക്കുന്ന മഹാപ്രതിഭാസമാണ് ഈശ്വരന്‍.
പ്രപഞ്ചത്തിലെ യാതൊന്നിനും ഇതില്‍ ഭാഗഭാക്കാകാനോ ഇടപെടാനോ എന്തെന്നു തിരിച്ചറിയാനോ സ്വന്തമാക്കാനോ സാധ്യമല്ല. സകല ചരാചരങ്ങളും തുല്ല്യപ്രാധാന്യത്തില്‍ നിലകൊള്ളുകയും ഇവയൊന്നും സ്വകര്‍മ്മത്തെ തിരിച്ചറിയാത്ത വിധം ഒരുക്കിയിരിക്കുന്നു. ഇതു വളരെ വ്യക്തമായി സാംഖ്യ യോഗത്തില്‍ ഭഗവാന്‍ പറയുന്നുണ്ട്.
‘ആശ്ചര്യവത് പശ്യതി കശ്ചിദേന-
മാശ്ചര്യവദ്വദതി തഥൈവ ചാന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചില്‍’.
‘ഒരാള്‍ ഇതിനെ ആശ്ചര്യംപോലെ കാണുന്നു. വേറൊരാള്‍ ആശ്ചര്യം പോലെ പറയുന്നു. മറ്റൊരാള്‍ ആശ്ചര്യംപോലെ കേള്‍ക്കുന്നു. ആരുകേട്ടാലും കണ്ടാലും ഇതിനെ അറിയുന്നില്ല’ എന്നര്‍ത്ഥം.
പുരാണേതിഹാസങ്ങളെല്ലാംതന്നെ വിരചിതമായത് അന്ധവിശ്വാസങ്ങളെ അകറ്റി ഈശ്വരചൈതന്യത്തെ തിരിച്ചറിയാനുള്ള ഉപാധികള്‍ കഥോപകഥകളിലൂടെ സാമാന്യജനതയ്‌ക്കു മനസ്സിലാക്കി കൊടുക്കാനാണ്. നടന്നതും നടക്കാന്‍ സാധ്യതയുള്ളതും ഭാവിയില്‍ ചെന്നെത്താവുന്നതും ആയ അറിവിനെ സമാഹരിച്ചാണ് കഥാരൂപേണ ആകര്‍ഷകമായി അവതരിപ്പിച്ചിട്ടുള്ളത്.
പുരാണങ്ങളില്‍ സാധാരണക്കാരന് കഥ പ്രാധാന്യമാകുമ്പോള്‍ ജ്ഞാനിക്ക് അതിന്റെ പൊരുളാണ് പ്രാപ്യമാകുന്നത്. ആത്മജ്ഞാനിക്ക് ആത്മസ്വരൂപവൂം, ബ്രഹ്മജ്ഞാനിക്ക് ബ്രഹ്മസ്വരൂപവും വെളിവാകും. ഇവയെല്ലാം ഓരോ തലങ്ങളുടെ അവസ്ഥ അനുസരിച്ച് ആവുമെന്നുമാത്രം.
ജിജ്ഞാസുക്കള്‍ താന്‍ അറിഞ്ഞതിനെ പരിപോഷിപ്പിക്കാനാകും ശ്രമിക്കുക. അപ്രകാരം ചെയ്യുന്ന ജ്ഞാനിയില്‍ നിന്നേ ലോകോപകാരപ്രദമായ അറിവുകള്‍ വീണ്ടും കിട്ടുകയുള്ളു. ഒരു കുഞ്ഞിന്റെ വിരല്‍ത്തുമ്പു പിടിച്ച് ആദ്യക്ഷരം എഴുതിക്കുന്ന ആചാര്യന്‍ ‘ഹരി ശ്രീഗണപതയെ നമഃ’ എന്നതില്‍ അന്തര്‍ലീനമായ തത്ത്വം അറിഞ്ഞിരിക്കണം. അതില്‍ ഹരിയും ലക്ഷ്മിയും ഗണപതിയും മാത്രമല്ല, സരസ്വതിയുമുണ്ട്. ഇക്കാര്യം പലര്‍ക്കും അറിയില്ല. കടപയാദി അക്ഷരക്കൂട്ടാല്‍ സമ്മേളിപ്പിച്ച സരസ്വതീ മന്ത്രമാണിത് എന്ന് കുഞ്ഞിനെ അരിയില്‍ എഴുതിക്കുന്ന ആചാര്യന്മാരില്‍ എത്രപേര്‍ മനസിലാക്കിയിട്ടുണ്ട്? കടപയാദി അനുസരിച്ച് ഹരി-28, ശ്രീ-2, ഗ-3, ണ-5, പ-1, ത-6, യ-1, ന-0, മ-5 എന്നിങ്ങനെയാണ് പരല്‍സംഖ്യ. ഈ പരല്‍ സംഖ്യകള്‍ കൂട്ടിയാല്‍ അക്ഷരമാലയിലെ 51 അക്ഷരങ്ങളാണു കിട്ടുക.
‘അമ്പത്തൊന്നക്ഷരാളീ കലിതതനുതലേ
വേദമാകുന്നശാഖിക്കൊമ്പത്തമ്പോടുപൂക്കും
കുസുമതതിയിലേന്തുന്ന
പൂന്തേന്‍ കുഴമ്പേ
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമന
സുകൃതോപാന്ത സൗഭാഗ്യ ലക്ഷ്മീ
സമ്പത്തേകുമ്പിടുന്നേന്‍ കഴലിണ
വലയാധീശ്വരീ വിശ്വനാഥേ’.’എന്നാണല്ലോ സരസ്വതീ സ്തുതി.
ഇത്തരത്തിലുള്ള അനന്തമായ അറിവുകളെ സമാഹരിച്ച് ശേഖരിച്ചു വെച്ചവയാണ് വേദ-പുരാണ-ഉപനിഷത്തുക്കള്‍. ഇവയെ ശരിയായി ഗ്രഹിക്കാതെ അവയുടെ നിഗൂഢ രഹസ്യം മനസിലാക്കാതെ പുറമേയുള്ള ചമല്‍ക്കാരം മാത്രം കണ്ട് വിറളി പിടിക്കുന്നവരാണ് സനാതന ധര്‍മ്മത്തിന്റെ വിമര്‍ശകര്‍. ഇത്തരം വിമര്‍ശകര്‍ ചെയ്യുന്ന ദോഷം കഥകളില്‍ അന്തര്‍ലീനമായ അമൂല്യ തത്ത്വരത്‌നങ്ങള്‍ അഗാധതയിലേക്ക് വീണ്ടും ആഴ്ന്നുപോകും എന്നതാണ്.
ബ്രഹ്മാന്വേഷിയായ മുനിമാരുടെ അന്വേഷണഫലമാണ് വേദങ്ങള്‍. അവരുടെ പിന്മുറക്കാര്‍ ഇന്നും ഇവിടെ മത്സരിക്കാതെ മൗനികളായി ഈശ്വരാന്വേഷണം തുടരുന്നു. അവര്‍ തേടിപ്പോകുക മുകളിലേക്കല്ല, മറിച്ച് താഴേക്കായിരിക്കും. തുടക്കമറിഞ്ഞാലേ ഒടുക്കമറിയാന്‍ ആവൂ എന്നതാണ് കാരണം. നാമിന്നുകാണുന്ന ചരാചരങ്ങള്‍ സകലതും ഒരേ അടിസ്ഥാനത്തില്‍ അധിഷ്ഠിതമാണ്. എന്റേത്, ഞാന്‍ എന്ന ഭാവം ഇതു ഞാന്‍ നിര്‍മ്മിച്ചത് ഇതെന്റേത് എന്ന ചിന്തയേ ശരിയല്ല. ഇതൊന്നും ആരുടേതുമല്ല.
സൃഷ്ടിയും, ഉപസൃഷ്ടിയും, പുനസൃഷ്ടിയും എല്ലാം ഒരേവൈഭവത്തിന്റെ പുനരാവിഷ്‌കാരം മാത്രം. ഈശ്വര സൃഷ്ടി എപ്പോഴും ഒരു ചങ്ങല പോലെയാണ് തുടരുക. ആധാരം ഒരിടമായിരിക്കും എന്നുമാത്രം. തിരിച്ചറിയാതെ നാമതിനെ സ്വന്തമെന്നു പറയും. ഒരു വൈഭവവും ഒരാളുടേയും സ്വന്തമല്ല. ഒരിടത്തുനിന്നും മറ്റൊന്നിലേക്കു പ്രവഹിക്കുന്ന വൈഭവ ചാതുരി ആവശ്യാനുസരണം സൃഷ്ടിയിലേക്ക് അറിയാതെ ആവാഹിക്കപ്പെടുകയാണ്. ഈ അറിവാകുന്ന പ്രവാഹത്തിന്റെ സ്വീകര്‍ത്താക്കളായി മാത്രം പ്രവൃത്തിക്കാനേ പ്രപഞ്ചത്തിലെ ചരാചരങ്ങള്‍ക്കെല്ലാം സാധ്യമാകൂ. ഈ ബ്രഹ്മത്തെ തിരിച്ചറിഞ്ഞ ബ്രഹ്മജ്ഞാനികളായ ഋഷീശ്വരന്മാര്‍ തങ്ങളുടെ പാതയെ പിന്‍തുടരുന്നവരുടെ സുഖയാത്രക്കായ് കരുതിവെച്ച അറിവാണ് വേദപുരാണോപനിഷത്തുക്കള്‍. തെരുവില്‍ വാരിവലിച്ചിട്ട് എണ്ണി തിട്ടപ്പെടുത്തേണ്ടവയല്ല അവ. തെരുവു സിദ്ധാന്തങ്ങളൊന്നും ആത്മീയ അറിവുകള്‍ക്കു മങ്ങലേല്‍പിക്കുകയൊ മറ്റുള്ളവര്‍ക്ക് ഗുണകരമാകുകയോ ഇല്ല.
ഇവയെല്ലാം കടിഞ്ഞൂല്‍ പ്രസവത്തില്‍ അമ്മക്കുണ്ടാകുന്ന വേവലാതി മാത്രം. ചരാചര പ്രക്രിയയില്‍ വേവലാതികളെല്ലാം സൃഷ്ടിക്കുള്ളിലും ബ്രഹ്മതേജസ് അതിനു പ്രേരണയും മാത്രമാണ്. എങ്ങനെയെന്നാല്‍ കടലില്‍നിന്നുയരുന്ന ബാഷ്പം കാര്‍മേഘമായി പെയ്തിറങ്ങി പലതിലൂടെ പല തലങ്ങളും കടന്ന് കാലാന്തരേ കടലിലേക്കു തന്നെ തിരിച്ചെത്തുന്നതു പോലെ ഈ തേജസ് ബ്രഹ്മത്തില്‍ തന്നെ തിരിച്ചുലയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: