ന്യൂദല്‍ഹി: പദ്മഭൂഷണ്‍ പുരസ്കാരം സ്വീകരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ. രാജഗോപാലിന് ദല്‍ഹി മലയാളികളുടെ ആദരം. ബാലഗോകുലം, നവോദയം, ആള് ഇന്ത്യാ മലയാളി അസോസിയേഷന് എന്നീ സംഘടനകള്‍ സംയുക്തമായാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.
ദല്‍ഹി കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ എന്‍. വേണുഗോപാല്‍ അധ്യക്ഷനായി. ബാലഗോകുലം രക്ഷാധികാരി ബാബു പണിക്കര്‍, ആള് ഇന്ത്യാ മലയാളി അസോസിയേഷന് ദല്‍ഹി പ്രസിഡന്റ് അജികുമാര്‍ മേടയില്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു. കേന്ദ്രസംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് ചെറുതാഴം കുഞ്ഞിരാമ മാരാരെ ബാലഗോകുലം അധ്യക്ഷന്‍ പി.കെ. സുരേഷ് ആദരിച്ചു. നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നതായി ഒ. രാജഗോപാല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്രമന്ത്രിയായി ദല്ഹിയിലുണ്ടായിരുന്നപ്പോഴുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
അമൃതഭാരതി വിദ്യാപീഠം പരീക്ഷാ വിജയികള്‍ക്കുള്ള പ്രശംസാപത്രവും ഉപഹാരങ്ങളും ഒ. രാജഗോപാല്‍ സമ്മാനിച്ചു. രാജഗോപാലിന്റെ മകനും സംവിധായകനുമായ ശ്യാമപ്രസാദ്, നവോദയം പ്രസിഡന്റ് എം.ആര്. വിജയന്, ശ്രീനിവാസന് തമ്പുരാന്, ശശി മേനോന്, രാധ മാരാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നാണ് രാജഗോപാല്‍ പദ്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: