പത്തനംതിട്ട: സംസ്ഥാനത്ത് പലയിടത്തും ക്ഷയരോഗ (ടിബി) മരുന്നു ലഭ്യത തുടര്‍ച്ചയായി തടസപ്പെടുന്നതായി വ്യാപക പരാതി. നിലവില്‍ ചികിത്സയിലുള്ള രോഗികളെ ഇതേറെ ആശങ്കയിലാഴ്ത്തുന്നു. നാഷണല്‍ ട്യൂബര്‍കുലോസിസ് എലിമിനേഷന് പ്രോഗ്രാമിനു കീഴിലാണ് നിലവില്‍ ക്ഷയരോഗികളുടെ ചികിത്സയും മരുന്നു വിതരണവും.
സംസ്ഥാനത്തെ പല പഞ്ചായത്തുകളും ടിബി മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ക്ഷയരോഗ നിര്‍മാര്‍ജനത്തിന് വലിയ പരിശ്രമങ്ങളാണ് നടത്തുന്നത്. ഇതിനായി മിക്ക പഞ്ചായത്തുകളിലേയും ആരോഗ്യകേന്ദ്രങ്ങളില്‍ കഫ പരിശോധന ദ്രുതഗതിയില്‍ നടത്തുന്നുണ്ട്. പ്രായമുള്ള ആളുകളില്‍ ചുമ രണ്ടാഴ്ച്ചയില്‍ കൂടുതല്‍ നിലനില്ക്കുന്നെങ്കില് കഫം പരിശോധിക്കണമെന്നാണ്. ഒപിയില്‍ എത്തുന്ന രോഗികളിലും ഫീല്‍ഡിലും പരിശോധന നടക്കുന്നുണ്ട്.
പരിശോധനയില്‍ പല പഞ്ചായത്തുകളിലും ക്ഷയരോഗികളെ കണ്ടെത്തുകയും ചികിത്സ നടത്തുകയും ചെയ്യുമ്പോഴാണ് മരുന്നില്ലെന്ന പ്രശ്നം ഉടലെടുക്കുന്നത്.
ഓരോ പഞ്ചായത്തിലും മുഴുവന്‍ രോഗികള്‍ക്കും മതിയായ മരുന്ന് എത്തിച്ചു നല്കുന്നതില് സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുന്നു എന്നതാണ് വസ്തുത. ദേശീയ ക്ഷയരോഗ നി
ര്മാര്ജന പദ്ധതിയുടെ ഭാഗമായി ഒരോ ജില്ലയിലും ജില്ലാ ടി ബി ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ ഓരോ ബ്ലോക്ക് പഞ്ചായത്തിലും ഒരു ടി ബി യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കാണ് ടി ബി മരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നതിന്റെ ഏകോപനച്ചുമതല. ഇത്രയും സംവിധാനങ്ങള്‍ ഉണ്ടായിട്ടും കഴിഞ്ഞ മാസങ്ങളില്‍ പല പഞ്ചായത്തിലും രോഗികള്‍ക്ക് മരുന്ന് ലഭ്യമായില്ല. ഈ രോഗികള്‍ തുടര്‍ച്ചയായി ആറു മാസം ടി ബി മരുന്നുകള്‍ കൃത്യമായി കഴിക്കേണ്ടതുണ്ട്. മരുന്ന് മുടങ്ങാതെ കഴിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രോഗികള്‍ക്ക് കൗണ്‍സിലിങ്ങും നല്‍കുന്നുണ്ട്.
എന്നാല്‍ മരുന്ന് കൃത്യമായി ലഭ്യമാകാത്തത് ഈ പരിശ്രമങ്ങളെയെല്ലാം പാഴിലാക്കുന്നു. അടുത്തിടെ കോട്ടയം ജില്ലയിലെ തലയാഴം പഞ്ചായത്തില്‍ ക്ഷയരോഗ മരുന്ന് വിതരണം മുടങ്ങിയിരുന്നു. എന്നാല്‍ ഈ പ്രശ്നം ഏറ്റെടുക്കാന്‍ ആരും ഇല്ലാത്തതിനാല്‍ പുറത്തറിയാതെ പോകുകയാണ്. മരുന്നു മുടങ്ങിയാല്‍ രോഗികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രതിരോധ ശേഷി കുറയുകയും മറ്റു രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുകയും ചെയ്യും. മഴക്കാലമാവുമ്പോള്‍ പകര്‍ച്ചവ്യാധി സാധ്യത കൂടുമെന്നതിനാല്‍ ആരോഗ്യ ജീവനക്കാരും ആശങ്കയിലാണ്.
ആശങ്ക നീക്കാന്‍ വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇടപെടണമെന്ന ആവശ്യവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: