ഓഹരി വിപണിയ്ക്ക് ആശ്വാസമായി കടന്നുവന്ന ദിവസമായി മെയ് 10 വെള്ളിയാഴ്ച. അന്താരാഷ്ട്ര വിപണിയില്‍ നിന്നുള്ള ശുഭവാര്‍ത്തകളും ടാറ്റാ മോട്ടോഴ്സിന്റെ മികച്ച നാലാം സാമ്പത്തിക ഫലവും ചേര്‍ന്ന് ഇന്ത്യയുടെ വിപണി ചലിപ്പിച്ച ദിവസമായിരുന്നു.വെള്ളിയാഴ്ച.എന്തായാലും കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ച് ലാഭം എടുത്തപ്പോള്‍ ഉണ്ടായ ആശങ്കകള്‍ക്ക് വിട പറഞ്ഞ ആശ്വാസത്തിന്റെ ദിനം കൂടിയായിരുന്നു വെള്ളിയാഴ്ച.
തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനാല്‍ യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡ് സെര്‍വ് ഡോളര്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും ബ്രിട്ടന് കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ മികച്ച സാമ്പത്തിക ഫലം 2024 ആദ്യ പാദത്തില്‍ പ്രഖ്യാപിച്ചതും ജപ്പാന് വിപണി ഉണരുകയും യെന്‍ വില ഉയരുകയും ചെയ്തതും ഇന്ത്യന്‍ വിപണിയ്ക്ക് അനുകൂലമായി. ഇതോടെ നിഫ്റ്റി നല്ല പിന്തുണ നല്കുന്ന നിലവാരമായ 22000 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. സെന്‍സെക്സ് 260 പോയിന്റുകള്‍ ഉയര്‍ന്ന് 72644ല്‍ എത്തി.
മെറ്റല്‍(ലോഹം) ഓഹരികള്‍ കയറിയ ദിവസമായിരുന്നു വെള്ളിയാഴ്ച. ഇതിന് പ്രധാനകാരണം യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡ് സെര്‍വ് ഡോളര്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയാണ്. അതുപോലെ ചൈനയുടെ സമ്പദ്ഘടന വീണ്ടും ശക്തിപ്പെട്ടേക്കുമെന്ന അഭ്യൂഹവും അടിസ്ഥാന ലോഹവില ഉയരുമെന്ന പ്രതീക്ഷയുണ്ടാക്കി. ഇതാണ് ലോഹ ഓഹരി വില ശക്തിപ്പെടാന്‍ കാരണമാക്കിയത്. 2024ലെ ആദ്യ പാദത്തില്‍ ബ്രിട്ടനിലെ വിപണി ഉയര്‍ന്നതും ജപ്പാനിലെ ഓഹരി വിപണി കുതിച്ചുയര്‍ന്നതും അനുകൂലഘടകമായി.
ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരി 72 രൂപയോളം കയറി 541 രൂപയില്‍ അവസാനിച്ചു. ഏകദേശം 18.5 ശതമാനത്തളം ഓഹരി വില ഉയര്‍ന്നു. അതുപോലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ വില 13 രൂപ കയറി 371 രൂപയില്‍ അവസാനിച്ചു. വേദാന്തയുടെ ഓഹരി 3.85 ശതമാനത്തോളം കയറി. 15രൂപ 35 പൈസയുടെ നേട്ടുണ്ടാക്കി വേദാന്ത ഓഹരി 410 രൂപയില്‍ എത്തിനിന്നു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഹിന്‍ഡാല്‍കോ, ജെഎസ് ഡബ്ല്യു സ്റ്റീല്‍, നാല്‍കോ, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, എന്‍എംഡിസി, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ എന്നീ ഓഹരികളും ഉയര്‍ന്നു.
ഡോളര്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷ വീണ്ടും ഉണര്‍ന്നു
യുഎസിലെ തൊഴില്‍ വിപണിയിലെ തകര്‍ച്ച വീണ്ടും യുഎസിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളര്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തിയ ദിവസമായിരുന്നു വെള്ളിയാഴ്ച. ഇത് ഡോളറിന്റെ മൂല്യം അല്പം തണുപ്പിച്ചു. ഡോളര്‍ പലിശ നിരക്ക് കുറയ്ക്കുന്നത് ലോഹവിപണിയെ ഉണര്ത്തമെന്ന കണക്കുകൂട്ടലിലാണ് ലോഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ ഓഹരിവിലകള്‍ ഉയര്‍ന്നത്.
ചൈനയുടെ കയറ്റുമതി കഴിഞ്ഞ മൂന്ന് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നില കൈവരിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ലോഹവിപണിയില്‍ പ്രതീക്ഷ ഉണര്‍ത്തി. ചൈനയുടെ കയറ്റുമതി ഉയരുന്നതിന്റെ കാരണം ഉല്പന്നങ്ങള്ക്ക് ആഗോള തലത്തില്‍ ആവശ്യക്കാര്‍ ഉയരുന്നതാണെന്നത് ഒരു അനുകൂലഘടകമായി കണക്കാക്കുന്നു.
സ്വര്‍ണ്ണവില വീണ്ടും വെള്ളിയാഴ്ച ഉയര്‍ന്നു. ഇതിന് കാരണം വീണ്ടും ഉയരുന്ന ഭൗമ സംഘര്‍ഷങ്ങളാണ്. ഹമാസ് ഇസ്രയേല്‍ യുദ്ധം തീരുന്ന ലക്ഷണമില്ല. ഉക്രൈന്-റഷ്യ യുദ്ധവും കടുക്കുന്നു. ഇതിനാല്‍ സുരക്ഷിത നിക്ഷേപമേഖല എന്ന നിലയില്‍ സ്വര്‍ണ്ണം വീണ്ടും കണക്കാക്കപ്പെടുന്നതിനാല്‍ സ്വര്‍ണ്ണവില ഉയര്‍ന്നു.
എഫ് എംസിജി, ഓട്ടോ, ഫാര്‍മ ഓഹരികള്‍ ഉയര്‍ന്നു. റിയല്‍ എസ്റ്റേറ്റും പൊതുമേഖലാ ബാങ്കുകളും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: