പണ്ടൊരു കവിതാ മത്സരം നടന്നു. അന്ന് കവിതാമത്സരത്തില്‍ ഒന്നാം സ്ഥാനം പി. പരമേശ്വര്‍ജിക്കായിരുന്നു. അന്ന് പരമേശ്വര്‍ജി പിന്നിലാക്കിയത് ആരെയാണെന്നോ? സാക്ഷാല്‍ വയലാര്‍ രാമവര്‍മ്മയെ.
ടി.ജി. മോഹന്‍ദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പണ്ട് ഒരു സിനിമാഗാനത്തിന്റെ അര്‍ത്ഥമറിയാന്‍ പരമേശ്വര്‍ജിയോട് ചോദിച്ചകാര്യവും ടി.ജി. മോഹന്‍ദാസ് തന്റെ യുട്യൂബ് ഇന്റര്‍വ്യൂവില്‍ വിവരിച്ചു:”ഒരിയ്ക്കല്‍ ‘നീയുറങ്ങുന്ന നിരാലംബശയ്യയില്‍’ എന്ന പാട്ടിന്റെ വരി ചുണ്ടില്‍ കയറിക്കൂടി. ബസില്‍ കയറുമ്പോഴും എല്ലാം ഈ പാട്ടാണ്. അന്ന് ഭാരതീയ വിചാരകേന്ദ്രത്തില്‍ പരമേശ്വര്ജിയെകാണാന് അദ്ദേഹത്തിന്റെ മുറിയില്‍ കയറിയപ്പോഴും ഈ പാട്ട് കടന്നുവന്നു. എന്താ മോഹന്‍ദാസേ, സിനിമാ പാട്ടാണല്ലോ എന്ന് പരമേശ്വര്‍ജി ചോദിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്പറഞ്ഞു. വളരെക്കാലമായി മനസ്സില്‍ കയറിക്കൂടിയ സംശയമാണ്. ഇത് ശ്രീകുമാരന്‍ തമ്പിയുടെ വരികളാണ്. ഇതില്‍ ‘നിരാലംബശയ്യ’ എന്ന് ഉപയോഗിച്ചിരിക്കുന്നു. എന്താണ് അതിന്റെ അര്‍ത്ഥം എന്ന് ഞാന്‍ പരമേശ്വര്‍ജിയോട് ചോദിച്ചു. നിരാലംബശയ്യ എന്നാല്‍ കാലില്ലാത്ത കട്ടില് എന്നാണോ അര്‍ത്ഥം എന്നും ഞാന്‍ പരമേശ്വര്‍ജിയോട് തിരക്കുകയുണ്ടായി. പരമേശ്വര്‍ജി ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു- അങ്ങിനെയല്ല, വെള്ളമേഘത്തില് ഉറങ്ങുന്ന കാമുകിയാണ് അത് എന്ന് പറഞ്ഞു. പരമേശ്വര്‍ജിയുടെ ആ ഉത്തരം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി.” -ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
“പലരും ഇതേ ചോദ്യം പിന്നീട് ശ്രീകുമാരന്‍ തമ്പിയോടും ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് നിരാലംബശയ്യ എന്നത് കൊണ്ട് ഉദ്ദേശിച്ചത് നിരാലംബയായ കാമുകി എന്നാണ് എന്നൊക്കെയാണ്. പക്ഷെ അതിനേക്കാളൊക്കെ മനോഹരമായ വിശദീകരണമാണ് പരമേശ്വര്‍ജി നല്‍കിയത്. ശ്രീകുമാരന്‍തമ്പി എഴുതിയാല്‍ ആ വരികളുടെ ആഴം അപാരമാണ്. അത് പലര്‍ക്കും പല രീതിയില്‍ വ്യാഖ്യാനിക്കാനാവും.അതാണ് പരമേശ്വര്‍ജി ചെയ്തത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഇത്ര ഭംഗിയുള്ള വ്യാഖ്യാനം വേരെ കണ്ടിട്ടില്ല”- ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
“പിന്നീട് ഞാന്‍ പരമേശ്വര്‍ജിയോട് വയലാറിന്റെയും ശ്രീകുമാരന്‍തമ്പിയുടെ ഭാസ്കരന്റെയും എല്ലാം കവിതകള്‍ക്ക് വ്യാഖ്യാനം എഴുതണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തിരക്കുകള്‍ കാരണം തനിക്കതിന് സാധിക്കില്ല എന്നായിരുന്നു പരമേശ്വര്‍ജിയുടെ ഉത്തരം. “- ടി.ജി. മോഹന്‍ദാസ് പറയുന്നു.
“ചേര്‍ത്തല ബോയ്സ് സ്കൂളിലാണ് വയലാറും പരമേശ്വര്‍ജിയും പഠിച്ചത്. അന്ന് കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം പരമേശ്വര്‍ജിക്കായിരുന്നു. രണ്ടാം സ്ഥാനം വയലാറിനും. ‘കോളുകൊണ്ട വേമ്പനാട്’ എന്നതായിരുന്നു പരമേശ്വര്‍ജി അന്നെഴുതിയ ഒന്നാം സമ്മാനം കിട്ടിയ കവിതയുടെ തലക്കെട്ട്.. പക്ഷെ അതേക്കുറിച്ച് ചോദിച്ചാല്‍ പരമേശ്വര്‍ജി വിനയത്തോടെ പറയും. വയലാര്‍ വലിയൊരു കവിയാണ്. അന്ന് സ്കൂളില്‍ പഠിക്കുമ്പോള്‍ അങ്ങിനെ സംഭവിച്ചു എന്നേയുള്ളൂ. എന്നെ വയലാറുമായി താരതമ്യം ചെയ്യരുത്” – പരമേശ്വര്‍ജി എന്ന വലിയ മനസ്സിന്റെ ഉടമയുടെ വിനയത്തെക്കുറിച്ചും കൃത്യാന്തരബാഹുല്യത്തില്‍ മുങ്ങിപ്പോയ വലിയ കവിത്വത്തെക്കുറിച്ചും ടി.ജി. മോഹന്‍ദാസ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: