ദുംക(ഝാര്‍ഖണ്ഡ്): ഗോത്രജനതയുടെ അവകാശത്തിലും സംവരണത്തിലും കൈവയ്‌ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദുംക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സീത സോറന്റ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സംവരണം ഇല്ലാതാക്കുമെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങള്‍ വ്യാജമാണ്. ബിജെപി സംവരണം ഇല്ലാതാക്കില്ല, അതിന് ആരേയും അനുവദിക്കുകയുമില്ല. പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം നിലനില്‍ക്കും, രാജ്‌നാഥ് സിങ് പറഞ്ഞു.
മോദി സര്‍ക്കാര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കാരായ ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്ത് അഴിമതി ശക്തിയാര്‍ജിച്ചത്. അന്നത്തെ അഴിമതിക്കെതിരെ ബിജെപി പ്രതികരിച്ചാല്‍ ഞങ്ങളാണ് തെറ്റ് ചെയ്തതെന്നാകും കോണ്‍ഗ്രസിന്റെ മറുപടി. അങ്ങിനെയെങ്കില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കട്ടെ. കോടതി കേസെടുത്ത് നടപടി സ്വീകരിക്കട്ടെ. മതത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തില്‍ ബിജെപി ആരേയും വേര്‍തിരിച്ചിട്ടില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയെയും (ജെഎംഎം) രാജ്‌നാഥ് സിങ് രൂക്ഷമായി വിമര്‍ശിച്ചു. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപായി സോറനെ സംസ്ഥാനത്ത് കാണാനില്ല. 24 മണിക്കൂറിലധികമായിട്ടും സംസ്ഥാന മുഖ്യമന്ത്രിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് ആദ്യത്തെ സംഭവമാണ്. നുണപ്രചരിപ്പിച്ചാണ് ജെഎംഎം രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും രാജ്‌നാഥ് സിങ് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: