ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദ്ദിപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യക്കാരുടെ വിശദാംശങ്ങള്‍ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിക്കാതെ കാനഡ.നിജ്ജാര്‍ വധത്തില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി 3 ഇന്ത്യക്കാരെ കാനഡ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്ക് കൊലപാതകത്തിലുള്ള പങ്കിനെ കുറിച്ചുള്ള വിശദാംശങ്ങളും തെളിവുകളും പുറത്തുവിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍.
ആല്‍ബര്‍ട്ടയില്‍ താല്‍ക്കാലിക താമസക്കാരായ കരണ്‍ ബ്രാര്‍ (22), കമല്‍പ്രീത് സിംഗ്, (22), കരണ്‍പ്രീത് സിംഗ്, (28) എന്നിവരെയാണ് പിടികൂടിയതെന്നു കാനഡ പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടു. 2023 ജൂണ്‍ 18-ന് സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ചാണ് നിരവധി ഭീകരവാദ കുറ്റകൃത്യങ്ങളില്‍ പ്രതിയായ, ഇന്ത്യ തെരയുന്ന കനേഡിയന്‍ പൗരന് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തില്‍ ‘ഇന്ത്യന്‍ ഏജന്റുമാരുടെ’ പങ്ക് ട്രൂഡോ ആരോപിച്ചത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിന് വഴിതുറന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: