ന്യൂദല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യമെന്നത് വിഘടനവാദത്തെയും ഭീകരതയെയും പിന്തുണയ്ക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഖാലിസ്ഥാന്‍ ഭീകരതയെ സംരക്ഷിക്കുന്ന കാനഡയുടെ സമീപനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
നിയമത്തെക്കാളുപരി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കാനഡ കളിക്കുന്നത്. ഭാരതം അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍ അത് വിദേശ നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്താനോ വിഘടനവാദികളെ പിന്തുണയ്ക്കാനോ വിധ്വംസക ശക്തികള്‍ക്ക് രാഷ്ട്രീയ അഭയം നല്കുവാനോ അല്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. പഞ്ചാബില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് കുടിയേറുന്ന ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് കാനഡ അഭയവും പിന്തുണയും നല്‍കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.
നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തി ഒരു രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ പാസ്പോര്‍ട്ടും അയാളുടെ വിവരങ്ങളും ചരിത്രവും പരിശോധിക്കേണ്ടതല്ലെ. വ്യാജ രേഖകളുമായിട്ടാണ് എത്തിയതെങ്കില്‍ എന്താണ് ചെയ്യേണ്ടത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തേക്കാള്‍ ശക്തമല്ലേ നിയമം. അതിനല്ലേ പ്രാധാന്യം നല്‍കേണ്ടതെന്നും ജയശങ്കര്‍ ചോദിച്ചു. എല്ലാവരുമായി നല്ല ബന്ധമാണ് ഭാരതം ആഗ്രഹിക്കുന്നത്. ഖാലിസ്ഥാന്‍ ഭീകരര്‍ ഭാരതത്തിന്റെ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ ഭീഷണിമുഴക്കുകയും നയതന്ത്ര കാര്യാലയങ്ങള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കാനഡ തയാറായില്ലെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
ഭാരതീയരെ വര്‍ണവെറിയുടെ അടിസ്ഥാനത്തില്‍ വിഭജിച്ച സാം പിത്രോദയുടെ അതേ മാനസികാവസ്ഥയാണ് കോണ്ഗ്രസുകാര്ക്കെന്നും അദ്ദേഹം പറഞ്ഞു. കൊളോണിയല്‍ രീതിയില്‍ വര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തെ കാണുവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വിദേശശക്തികള്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും. രാഹുല്‍ ഗാന്ധിയുടെ മുഖ്യ ഉപദേഷ്ടാവും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഏറ്റവും അടുത്തയാളുമാണ് സാം പിത്രോദ. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനങ്ങളില്‍ ഒപ്പം പോകുന്നയാളുമാണ് പിത്രോദ.
ഭാരതത്തിന് മഹത്തായ പാരമ്പര്യവും സംസ്കാരവുമുണ്ട്. ഭാരതത്തിന് വ്യക്തമായ ഒരു ജീവിതരീതിയുമുണ്ട്. ഇതെല്ലാം നമ്മുടെ ആത്മാവിന്റെ ഭാഗമാണ്. അതൊരിക്കലും പങ്കുവയ്ക്കാനാകില്ല. ജയശങ്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: