കൊച്ചി: ജോലിക്കിടെ ഡ്രൈവറെ സി ഐ ടി യു കയറ്റിറക്ക് തൊഴിലാളികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചുളള കൊച്ചി ബിപിസിഎല്‍ പാചകവാതക പ്ലാന്റിലെ കരാര്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു. ഡ്രൈവറെ മര്‍ദ്ദിച്ച സിഐടിയു തൊഴിലാളികളെ സംഘടനയിലും ഏജന്‍സിയില്‍ നിന്നും പുറത്താക്കുമെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമുളള ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.
ബിപിസിഎല്‍ മാനേജ്മെന്റ് , കരാറുകാര്‍,ഏജന്‍സി പ്രതിനിധികള്‍ എന്നിവര്‍ ഡ്രൈവര്‍മാരുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പണിമുടക്ക് പിന്‍വലിച്ചതോടെ ഏഴ് ജില്ലകളില്‍ മുടങ്ങിയ പാചകവാതക വിതരണം വീണ്ടും തുടങ്ങി. ലോഡ് ഇറക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന സര്‍ക്കുലര്‍ എല്ലാ ഏജന്‍സികള്‍ക്കും അയക്കും.കൊടകരയിലെ ഏജന്‍സിയില്‍ സിഐടിയു കയറ്റിറക്ക് തൊഴിലാളികള്‍ കാലടി സ്വദേശി ശ്രീകുമാറിനെ മര്‍ദ്ദിച്ചതായിരുന്നു പ്രതിഷേധത്തിന് കാരണം. ലോഡ് ഇറക്കാന്‍ 20 രൂപ കൂലി കുറഞ്ഞെന്ന് പറഞ്ഞാണ് ഡ്രൈവറെ കയറ്റിറക്ക് തൊഴിലാളികള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
എട്ടാം തീയതി ഉച്ചയ്ക്കാണ് അമ്പലമുകളിലെ ബിപിസിഎല്‍ പ്ലാന്റില്‍ നിന്ന് പാചകവാതക സിലിണ്ടറുമായി ഡ്രൈവര്‍ ശ്രീകുമാര്‍ കൊടകര ഏജന്‍സിയിലെത്തിയത്. ലോഡിറക്കാന്‍ കരാര്‍ പ്രകാരമുള്ള തുകയേക്കാള്‍ 20 രൂപ കൂടുതല്‍ ആവശ്യപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് രണ്ട് കയറ്റിറക്ക് തൊഴിലാളികള്‍ ശ്രീകുമാറിനെ മര്‍ദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: