കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കുള്ളില്‍ അക്രമിയുടെ ക്രൂരമായ കുത്തേറ്റു ഡോ.വന്ദനദാസ് മലയാളിയുടെ നോവുന്ന ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു.
2023 മെയ് 10 ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് പൂയപ്പള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്ത് വൈദ്യ പരിശോധനയ്ക്കെത്തിച്ച ഓടനാവട്ടം ചെറുകരകോണം ശ്രീ നിലയത്തില്‍ സന്ദീപിന്റെ കുത്തേറ്റ് ഡോ.വന്ദനദാസ് കൊല്ലപ്പെടുന്നത്. കോട്ടയം മുട്ടച്ചിറ നാസിചിറകാലയില് കെ.ജി.മോഹന്‍ ദാസ്-വസന്തകുമാരി ദമ്പതികളുടെ മകളും കൊട്ടാരക്കര താലൂക്ക് ആശുപത്രി ഹൗസ് സര്‍ജനുമായ ഡോ.വന്ദനദാസിനെ ക്രൂരമായി സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് തലയിലും കഴുത്തിലും മുതുകിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു.
സന്ദീപ് എന്ന അക്രമി ആശുപത്രിക്കുള്ളില്‍ അക്രമം അഴിച്ചു വിട്ടപ്പോള്‍ പോലീസ്, ആശുപത്രി ജീവനക്കാര്‍, വാര്ഡന് എന്നിവര്‍ ആശുപത്രി വിട്ട് പുറത്തേക്ക് ഓടിയിരുന്നു. ഈ സമയത്ത് ആശുപത്രിക്കുള്ളിലകപ്പെട്ട വന്ദനദാസ് അക്രമിയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു. ആംബുലന്‍സ് ജീവനക്കാര്‍ പോലീസും ചേര്‍ന്ന് അക്രമിയെ കീഴ്പ്പെടുത്തിയെങ്കിലും മുറിവേറ്റ വന്ദനദാസിന് പ്രാഥമിക ചികിത്സ നല്കാന് താലൂക്ക് ആശുപത്രി സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. പ്രാഥമിക ചികിത്സ നല്‍കാത്തതില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അന്നുണ്ടായത്.
വന്ദന കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ഗതികേട് അതേപടി തുടരുകയാണ്. ആശുപത്രി സുരക്ഷ ഒരുക്കാന്‍ വാര്ഡന്മാരെ നിയമിച്ചെങ്കിലും പലപ്പോഴും രോഗികളുടെ മേലും ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം മാധ്യമങ്ങളുടെമേലും കുതിര കേറാന്‍ മാത്രമായി ഇവര്‍ ഒതുങ്ങുന്നതായാണ് ആക്ഷേപം. മതിയായ പ്രാഥമിക ചികിത്സ സൗകര്യം ഇന്നും കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് അന്യമാണ്.
അത്യാഹിതങ്ങളിലോ മറ്റോ പരിക്കേറ്റ് വരുന്ന രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് ശുപാര്‍ശ ചെയ്യുന്ന കേന്ദ്രമായി ഇപ്പോഴും താലൂക്കാശുപത്രി നിലനില്ക്കുന്നു. മരുന്നിന്റെ അഭാവവും, സിറിഞ്ച് പൂഴ്ത്തി വയ്പ്പ്, സ്വകാര്യ ലാബുകളെ സഹായിക്കാന്‍ അടിക്കടി എക്സറെ മെഷീന് തകരാറാക്കുന്നു എന്നീ ആരോപണവും താലൂക്ക് ആശുപത്രിക്കെതിരെ സജീവമാണ്. ആശുപത്രിയിലെ അഴിമതി പുറത്തുവരാതിരിക്കാന്‍ മാധ്യമ നിരോധന മേഖലയായി ആശുപത്രിമാറി.
വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ആക്രമണം തടയുന്ന കേരള ഹെല്‍ത്ത്കെയര്‍ സര്‍വീസ് പഴ്സന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ഭേദഗതി ബില്‍ നിയമസഭ പാസാക്കുകയും ചെയ്തിരുന്നു. എങ്കിലും പലപ്പോഴും ആശുപത്രിയിലെത്തുന്നവര്‍ക്കും ഡോക്ടര്‍മാര്‍ക്കും മതിയായ സുരക്ഷ ഒരുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോഴും ആശുപത്രിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: