ന്യൂദല്‍ഹി: ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആക്ഷേപിച്ചതില്‍, നടന്നതെല്ലാം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് മാലദ്വീപ്.
കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചെന്നും ദല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കെത്തിയ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മൂസയുടെ പ്രതികരണം.
ഭാരതത്തിനെതിരെയോ ഭാരതത്തിലെ നേതാക്കള്‍ക്കെതിരേയോ മാലദ്വീപിലെ ആരുംതന്നെ ഭാവിയില്‍ മോശമായി പരാമര്‍ശിക്കില്ലെന്നും മൂസ സമീര്‍ ഉറപ്പു നല്കി. മാലദ്വീപ് സര്‍ക്കാരിന്റെ നിലപാടല്ല അത്തരം പ്രതികരണങ്ങളിലൂടെ വന്നത്. ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വന്ന തെറ്റിദ്ധാരണകളാണവയെല്ലാം. ഇരുരാജ്യങ്ങളും സംഭവ വികാസങ്ങളെ മനസിലാക്കി പോകുകയാണെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി അറിയിച്ചു.
മാലദ്വീപിലെ പുതിയ പ്രസിഡന്റുമാര്‍ അധികാരത്തിലെത്തിയാലുടന്‍ ആദ്യം ഭാരതം സന്ദര്‍ശിക്കുന്ന കീഴ്വഴക്കം മാറ്റിവച്ച് പ്രസിഡന്റ് മുഹമ്മദ് മുയ്സു ചൈന സന്ദര്‍ശിച്ചത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഭിന്നത രൂക്ഷമാക്കിയിരുന്നു.
മുഹമ്മദ് മുയ്സുവിന്റെ ചൈനീസ് സന്ദര്‍ശനം ഒരിക്കലും ഭൂമി ശാസ്ത്രപരമായ ബന്ധങ്ങളെ മറികടക്കാനുള്ളതായിരുന്നില്ലെന്നും സൗകര്യങ്ങള്‍ കണക്കിലെടുത്ത് സംഭവിച്ചതാണെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി വിശദീകരിച്ചു.
ചൈനയുമായി സൈനിക സഹകരണം സംബന്ധിച്ച ഊഹാപോഹങ്ങളും അദ്ദേഹം തള്ളി. ചൈനയുമായി സൈനിക സഹകരണമൊന്നുമില്ലെന്നും മൂസ സമീര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: