ഗുണ്ടൂര്‍: ആന്ധ്രാപ്രദേശ് ചെക്പോസ്റ്റില്‍ തെരച്ചിലിനിടെ എട്ട് കോടി രൂപ പിടിച്ചെടുത്തു. എന്‍ടിആര്‍ ജില്ലയിലെ ജഗരികപ്പാട് ചെക്പോസ്റ്റിലാണ് സംഭവം. പൈപ്പ് നിറച്ചെത്തിയ ലോറിയില്‍ നിന്നാണ് ഇത്രയും തുക കണ്ടെടുത്തത്. ഹൈദരാബാദില്‍ നിന്ന് ഗുണ്ടൂരിലേക്ക് എത്തിച്ചതാണ് പണം.
ലോറിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന വിധത്തിലാണ് പണം കണ്ടെത്തിയത്. സംഭവം സംസ്ഥാനത്തെ തെര. ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത പണം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഇ സി ഫ്ളൈയിങ് സ്ക്വാഡ് ടീമുകള്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ജഗയ്യപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചന്ദ്രശേഖര്‍ അറിയിച്ചു.
അതിനിടെ റാഞ്ചിയിലും വാഹന പരിശോധനക്കിടെ 45 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. രാംഗഡില്‍ തെരച്ചില്‍ നടത്തുന്നതിനിടെ കാറില്‍ നിന്ന് 45,90,000 രൂപയാണ് സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം (എസ്എസ്ടി) പിടിച്ചെടുത്തത്. വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പണം സെയില്‍സ് ടാക്സ് സംഘത്തിന് കൈമാറും.
കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡ് മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റേയും ഇയാളുടെ സഹായി ജഹാംഗിര്‍ ആലത്തിന്റേയും വീട്ടില്‍ നിന്ന് 30 കോടി രൂപ ഇ ഡി പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് അരക്കോടിയോടടുത്ത തുക വീണ്ടും കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: