ദുബായ്: ദുബായ്യിലെ പ്രധാന ആകര്‍ഷണമായ ദുബായ് ഫ്രെയിം വന്‍ നവീകരണത്തിന് ഒരുങ്ങുന്നു. ഫ്രെയിം ഉടന്‍ നവീകരിക്കുമെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാര്‍ക്സ് ആന്‍ഡ് റിക്രിയേഷണല്‍ ഫെസിലിറ്റീസ് വകുപ്പ് മേധാവി അഹമ്മദ് ഇബ്രാഹിം അല്‍ സറൂനി അറിയിച്ചു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. അടുത്ത 50 വര്‍ഷത്തെ ദുബായ് നഗരത്തിന്റെ മാറ്റങ്ങള്‍ ഫ്രെയിമില്‍ പ്രദര്‍ശിപ്പിക്കും. 2025 അവസാനത്തോടെ നവീകരണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.
സബീല്‍ പാര്‍ക്കിനുള്ളിലാണ് ദുബായ് ഫ്രെയിം. 150 മീറ്റര്‍ ഉയരവും 93 മീറ്റര്‍ വീതിയുമുണ്ടിതിന്. എമിറേറ്റിന്റെ ചരിത്രത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഫ്രെയിം 2018 ജനുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞവര്‍ഷം 16 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഇവിടെയെത്തിയത്.
ദുബായ്യുടെ അവിസ്മരണീയ കാഴ്ചകളാണ് 48 നിലകളിലുള്ള ഫ്രെയിം സമ്മാനിക്കുന്നത്. ദുബായ്യുടെ ചരിത്രവും വര്‍ത്തമാനകാലവും ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്നും നോക്കിക്കാണാനുള്ള അപൂര്‍വ അവസരമാണ് ഫ്രെയിം ഒരുക്കുന്നത്.
ചൈനയിലെ ഗ്ലാസ് പാലത്തിനു സമാനമാണ് ആകാശം പോലെ തോന്നുന്ന ഫ്രെയിമിനു മുകളിലെ ഗ്ലാസിട്ട തറ. ദുബായ് നഗരത്തിന്റെ പഴയ കാലം അതേപടി പകര്‍ത്തിയ ചെറിയ മ്യൂസിയവും ഫ്രെയിമിനുള്ളിലുണ്ട്. ദുബായ് ബര്‍വാസ് എന്നാണ് അറബിയിലെ പേര്. 16 കോടി ദിര്‍ഹമാണ് ഇതിന്റെ നിര്‍മാണ ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: