വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് മനുഷ്യരെയും വഹിച്ചുള്ള ബോയിങ് സ്റ്റാര്‍ ലൈനറിന്റെ ആദ്യയാത്ര വൈകുമെന്ന് നാസ. 17ന് മുമ്പായി വിക്ഷേപണമുണ്ടായിരിക്കില്ലെന്നാണ് നാസ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.
ഭാരതസമയം ചൊവ്വാഴ്ച രാവിലെ 8.34നായിരുന്നു സ്റ്റാര്‍ലൈനറിന്റെ ആദ്യ വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര നിര്‍ത്തിവച്ചത്. ആദ്യം 24 മണിക്കൂര്‍ നേരത്തേക്ക് നീട്ടിവച്ചു. പിന്നീട് മെയ് 10ന് വിക്ഷേപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് നാസ നല്കുന്ന പുതിയ വിവരം.
നിലവില്‍ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്സ്യൂളിലാണ് നാസ ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശ സഞ്ചാരികളെ എത്തിക്കുന്നതിനും ചരക്കുകള്‍ എത്തിക്കുന്നതും. റഷ്യയുടെ സോയൂസ് പേടകത്തെയും നായ ഇതിനായി ആശ്രയിക്കുന്നു.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുന്‍ യുഎസ് നേവി ക്യാപ്റ്റന്‍ ബാരി ബച്ച് വില്‍മോര്‍ (61), മുന്‍ നേവി ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായ സുനിത വില്യംസ് (58) എന്നിവരാണ് സ്റ്റാര്‍ലൈനറില്‍ ബഹിരാകാശത്തേക്ക് ആദ്യം പോകുക.
സ്റ്റാര്‍ലൈനര്‍ പരീക്ഷണം വിജയിച്ചാല്‍ സ്പേസ് എക്സിനൊപ്പം ബോയിങ്ങിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും ഭാവിയില്‍ നിര്‍മിക്കാനിരിക്കുന്ന ബഹിരാകാശ നിലയങ്ങളിലേക്കും ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: