ചെങ്ങന്നൂര്‍: ആറുമക്കളും കൈവിട്ടതോടെ പുലിയൂര് കൊച്ചുകുന്നുപുറത്ത് വീട്ടില്‍ ചെല്ലമ്മാള്‍ എന്ന 90കാരിക്ക് അഭയം കിടങ്ങന്നൂര്‍ കരുണാലയം. ആര്‍ഡിഒ ഓഫീസിലെത്തുമ്പോള്‍ രണ്ടാമത്തെ മകന് എത്തി തന്നെ ഏറ്റെടുക്കുമെന്നായിരുന്നു ഈ അമ്മയുടെ പ്രതീക്ഷ. എന്നാല്‍ ആരും വന്നില്ല. മൂത്തമകന് 74കാരനായ മുത്താനന്ദന്റെ കൂടെയായിരുന്നു ഇതുവരെയും.
വാടകവീട്ടിലായിരുന്നു മുത്താനന്ദനും കുടുംബവും താമസിക്കുന്നത്. മുത്താനന്ദനെ കൂടാതെ രാധാകൃഷ്ണന്, മുരുകന്, രാജന്, വിശ്വനാഥന്, സെല്‍വി എന്നിവരാണ് മക്കള്‍. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന അനുരഞ്ജന യോഗത്തിന്റെ തീരുമാനപ്രകാരം ഓരോ മക്കളും രണ്ടുമാസം വീതം അമ്മയെ നോക്കണമെന്നാണ്. എന്നാല്‍ രണ്ടാമനായ രാധാകൃഷ്ണന് ഇപ്പോള്‍ ഇതിന് തയ്യാറല്ല. മറ്റുമക്കളെ ഫോണില്‍ വിളിച്ചെങ്കിലും അവരും ഒഴിഞ്ഞുമാറി. ഇതോടെയാണ് അമ്മയെ കരുണാലയത്തിലേക്ക് അയയ്ക്കാന്‍ നിര്‍ബന്ധിതമായത്. ചെല്ലമ്മാളുടെ ഭര്‍ത്താവ് നാണപ്പന്ആശാന് നാലുപതിറ്റാണ്ട് മുമ്പെ മരിച്ചു.
ആകെയുണ്ടായിരുന്നത് വാഴൂരില്‍ മൂന്ന് സെന്റ് സ്ഥലമായിരുന്നു. 15 വര്‍ഷം മുമ്പ് ഇത് വിറ്റ് എല്ലാവര്ക്കും തുക വീതിച്ചുനല്‍കിയിരുന്നു. ഈ വസ്തു സ്വന്തം പേരില്‍ ഉണ്ടായിരുന്നെങ്കില്‍ അമ്മയുടെ സംരക്ഷണത്തിനായി മക്കള്‍ മത്സരിക്കുമായിരുന്നു എന്നാണ് ആര്‍ഡിഒ ഓഫീസില്‍ എത്തിയവരില്‍ ചിലര്‍ പ്രതികരിച്ചത്. കേള്‍വിശക്തി കുറവുള്ള അമ്മയ്ക്ക് കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ട്. നടക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ആര്‍ഡിഒ ഓഫീസില്‍ നിന്നും ആര്‍ഡിഒ നിര്‍മല്‍കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് സുഭാഷ്, സൂപ്രണ്ട് സിന്ധുകുമാരി, സെക്ഷന്‍ ക്ലര്‍ക്ക് ഹരികുമാര്‍, തന്‍സിര്‍ റഹ്മാന്, മഹ്മിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഓട്ടോയില്‍ അമ്മയെ കരുണാലയത്തിലേക്ക് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: