ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. ഗൂഗിള്‍ വാലറ്റിന്റെ ലോഞ്ച് യുപിഐ ആപ്ലിക്കേഷനായ ഗൂഗിള്‍ പേയെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു കണ്ടെയ്നർ ആപ്പ് ആണ് ഗൂഗിൾ വാലറ്റ്. ഡിജിറ്റല്‍ കാര്‍ കീ, മൂവി ടിക്കറ്റുകള്‍, റിവാര്‍ഡ് കാര്‍ഡുകള്‍ എന്നിവയെല്ലാം സൂക്ഷിക്കാന്‍ ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം.
പണമിടപാടല്ലാത്ത ഡിജിറ്റൽ ആവശ്യങ്ങൾക്കായാണ് ഈ ആപ്പ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിയർ ഒ.എസ്, ഫിറ്റ്ബിറ്റ് ഒ.എസ് എന്നിവയിലും ആപ്പ് ലഭ്യമാണ്. ഐഫോണില്‍ വാലറ്റ് ആപ്പ് അവതരിപ്പിക്കില്ലെന്നാണ് വിവരം. ഇന്ത്യയില്‍ ലഭ്യമായ കൂടുതല്‍ സേവനങ്ങള്‍ ഗൂഗിളുമായി സഹകരിക്കുന്നതോടെ വാലറ്റ് ആപ്പ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവും.
ഗൂഗിള്‍പേ സ്വീകരിക്കുന്ന ഇടങ്ങളിൽ വേഗത്തില്‍ പണമടയ്ക്കുന്നതിനായി ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. യഥാര്‍ഥ കാര്‍ഡ് നമ്പര്‍ ഒരിക്കലും പണമടയ്ക്കുന്നവരുമായി പങ്കിടില്ല. ലോഗിന്‍ സുരക്ഷയ്ക്ക് വേണ്ടി രണ്ട് ഘട്ട പരിശോധന ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ നിങ്ങളുടെ വിവരങ്ങള്‍ എടുത്തു കളയാൻ റിമോട് ഡാറ്റ ഇറേസ്, കാര്‍ഡ് വിശദാംശങ്ങള്‍ പരിരക്ഷിക്കുന്നതിന് പേമെന്റ് കോഡുകളുടെ എന്‍ക്രിപ്ഷന്‍ എന്നിവയും ഉണ്ട്. 80 രാജ്യങ്ങളിൽ വാലറ്റ് ആപ്പ് ഉപയോഗത്തിലുണ്ട്.
2024 ജൂണ്‍ മുതല്‍ മിക്ക രാജ്യങ്ങളിലും ഗൂഗിള്‍ പേ ലഭ്യമാകില്ലെന്ന് ഗൂഗിള്‍ സൂചന നല്‍കിയിരുന്നു. ഗൂഗിൾ പേ വാലറ്റ് ആപ്പുമായി ലയിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പുതിയ ആപ്പ് പുറത്തിറക്കിയതോടെ അവസാനിച്ചു. പേപ്പറില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള യാത്ര സുഗമമാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് ആന്‍ഡ്രോയിഡ് ജിഎമ്മും ഇന്ത്യ എഞ്ചിനീയറിങ് ലീഡുമായ റാം പാപട്ല പറഞ്ഞു. പിവിആര്‍ ഇനോക്സ്, മേക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഷോപ്പേഴ്സ് സ്റ്റോപ്പ്, ബിഎംഡബ്ല്യൂ ഉള്‍പ്പടെ 20 സ്ഥാപനങ്ങള്‍ വാലറ്റിന് വേണ്ടി ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ ഭാവിയില്‍ പങ്കാളികളാവും. അതേസമയം പണമിടപാടുകൾക്കായുള്ള പ്രാഥമിക ആപ്പായി ഇന്ത്യയിൽ ഗൂഗിൾ പേ തുടരുമെന്നും റാം പാപട്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: