തിരുവനന്തപുരം: ഉഷ്ണതരംഗത്തിന് പിന്നാലെ കള്ളക്കടല്‍ പ്രതിഭാസം കൂടി ആയതോടെ സംസ്ഥാനത്തെ ടൂറിസം മേഖലയും വരണ്ടുണങ്ങി. പകലും രാത്രിയും ഒരുപോലെ ചൂടേറിയതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. വേനലവധിക്കാലത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു.
പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ വൈകുന്നേരം വരെ എത്തുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. വൈകുന്നേരങ്ങളില്‍ മാത്രമാണ് കുറച്ചെങ്കിലും ആള്‍ക്കാരെത്തുന്നത്. കള്ളക്കടല്‍ പ്രതിഭാസത്തെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളും കടല്‍ക്ഷോഭവും നിരവധി അപകടമരണങ്ങളും ഉണ്ടായതോടെ ബീച്ചുകളും ആളൊഴിഞ്ഞ അവസ്ഥയിലായി.
ഏപ്രില്‍-മെയ് മാസങ്ങളിലെ വേനലവധിക്കാലത്ത് കേരളത്തില്‍ പൊതുവേ വിനോദയാത്ര വര്‍ധിക്കാറുണ്ടെങ്കിലും ഇത്തവണ ടൂറിസം രംഗത്ത് ആശങ്കയാണ് പടരുന്നത്. സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ ബീച്ചുകളിലും മറ്റും കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്നവരുടെ അവസ്ഥയും പരിതാപകരമായി.
കേരളത്തിലെ വെള്ളച്ചാട്ടങ്ങളില്‍ ജലത്തിന്റെ അളവ് കുറഞ്ഞത് സഞ്ചാരികളെ നിരുത്സാഹപ്പെടുത്തി. മലയോരത്തും വനമേഖലയിലും കാട്ടുതീയും അസഹ്യമായ ചൂടില്‍ വന്യമൃഗങ്ങള്‍ പുറത്തേക്കെത്തുന്നതും ഭീഷണിയായിട്ടുണ്ട്. യാത്രകളധികവും ഊട്ടി, കൊടൈക്കനാല്‍, മൂന്നാര്‍, കുടക് തുടങ്ങിയ തണുപ്പുള്ള സ്ഥലങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുകയാണ്.
കേരളത്തിലെ വിനോദ സഞ്ചാരമേഖലയിലെത്തുന്നവരുടെ തിരക്ക് കുറഞ്ഞതോടെ ഫീസിനത്തിലും മറ്റും സര്‍ക്കാരിനും വലിയ വരുമാന നഷ്ടമുണ്ടായിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കും അതുകഴിഞ്ഞുടന്‍ തുടര്‍ച്ചയായുള്ള ഉഷണതരംഗ മുന്നറിയിപ്പുകളുമാണ് ടൂറിസത്തിന് കനത്ത തിരിച്ചടിയായിരിക്കുന്നത്. ബീച്ചുകള്‍ക്ക് പുറമെ സഞ്ചാരികള്‍ കൂടുതലായെത്തുന്ന വയനാട്, ആലപ്പുഴ ജില്ലകളില്‍ രാത്രികാലത്തുള്‍പ്പെടെ ചൂട് അധികമാകുന്നത് സഞ്ചാരികളെ പിന്നോട്ടവലിക്കുന്നു. എന്നാല്‍ വാട്ടര്‍ തീം പാര്ക്കുകളിലേക്കത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായിട്ടുള്ളതെന്നും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: