ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണില്‍ ഭാരതത്തെ പുരുഷ ഡബിള്‍സ് സഖ്യം സാത്വിക് സായിരാജ് റെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി നയിക്കും. ഭാരത താരങ്ങളായ പി.വി. സിന്ധുവും ലക്ഷ്യാ സെനും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.
ഇന്നലെയാണ് സിന്ധുവും ലക്ഷ്യയും പിന്മാറുന്നതായി അറിയിച്ചത്. സാത്വിക്-ചിരാഗ് സഖ്യത്തിന് തോമസ് കപ്പില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. മലേഷ്യന്‍ സഖ്യം നൂര്‍ മുഹമ്മദ് അസ്രിന്‍ അയൂബ്-അസ്രിന്‍ സഖ്യമാണ് ഇരുവരുടെയും ആദ്യറൗണ്ട് എതിരാളികള്‍.
സാത്വിക്-ചിരാഗ് സഖ്യം ഇതിന് മുമ്പ് അവസാനമായി പങ്കെടുത്തത് ഓള് ഇംഗ്ലണ്ട് ഓപ്പണിലാണ്. പ്രീക്വാര്‍ട്ടറില്‍ സഖ്യം പുറത്തായി. തിരിച്ചടികള്‍ പലതും നേരിട്ടെങ്കിലും ഈ സീസണില്‍ മൂന്ന് ഫൈനലുകളിലാണ് ഇരുവരും പ്രവേശിച്ചത്. ഇതില്‍ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടി.
പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ ഭാരതത്തിന് വേണ്ടി എച്ച്.എസ്. പ്രണോയ്, കിരണ്‍ ജോര്‍ജ്, സതീഷ് കുമാര്‍ കരുണാകരന് എന്നിവര്‍ കളത്തിലിറങ്ങും. കിരണ്‍ ജോര്‍ജിനും, സതീഷ് കുമാറിനും യോഗ്യതാ മത്സരം കളിച്ച് ജയിച്ചാലേ ടൂര്‍ണമെന്റില്‍ പറങ്കെടുക്കാനാകൂ.
ലക്ഷ്യയെയും സിന്ധുവിനെയും കൂടാതെ കിഡംബി ശ്രീകാന്തും പങ്കെടുക്കുന്നില്ല. ഊബര്‍ കപ്പിലും സിന്ധു പങ്കെടുത്തിരുന്നില്ല. പാരിസ് ഒളിംപിക്സ് ലക്ഷ്യമിടുന്നതിനാല്‍ ഊബര്‍ കപ്പില്‍ താരത്തെ പങ്കെടുപ്പിക്കേണ്ടെന്നായിരുന്നു ഭാരത ബാഡ്മിന്റണ്‍ അസോസിയേഷന് തീരുമാനം.
വനിതാ സിംഗിള്‍സില്‍ മാളവിക ബന്‍സോദ്, അഷ്മിത ചാലിഹ, സാമിയ ഇമാത് ഫാറൂകി, ആകര്‍ഷി കശ്യപ്, ഉന്നാട്ടി ഹൂഡ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. മിക്സഡ് ഡബിള്‍സില്‍ ബി. സുമീത് റെഡ്ഡി-എന്‍. സിക്കി റെഡ്ഡി സഖ്യവും സതീഷ് കുമാര്‍- ആദ്യ വാരിയത്ത് സഖ്യവും ആദ്യ റൗണ്ടില്‍ മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: