പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്മെയ്ന്(പിഎസ്ജി) വേണ്ടി യൂറോപ്യന്‍ കിരീടം എന്ന കിലിയന്‍ എംബപ്പെയുടെ സ്വപ്നം ബാക്കിയായി. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയിലും പരാജയപ്പെട്ട് പിഎസ്ജി പുറത്തായി.
ഇന്നലെ പിഎസ്ജിയുടെ മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ജയിച്ചു. രണ്ട് പാദ സെമിയിലും കൂടി 2-0ന്റെ മികവോടെ ഡോര്‍ട്ട്മുണ്ട് ഫൈനലില്‍ കയറി. സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദത്തില്‍ ജര്‍മന്‍ ടീം 1-0ന് ജയിച്ചിരുന്നു.
ജയത്തിനാവശ്യമായ സര്‍വ്വശക്തിയും പുറത്തെടുത്ത് ഉഗ്രന്‍ പ്രകടനമാണ് എംബപ്പെയും പിഎസ്ജിയും നടത്തിയത്. ഗോളെന്നുറച്ച പല ഹെഡ്ഡറുകളുടെയും ഷോട്ടുകളുടെയും ലക്ഷ്യ സ്ഥാനം ക്രോസ് ബാര്‍ ആയും പോസ്റ്റായും മാറി. കളിയുടെ അവസാന സെക്കന്ഡുകളില് ഒരാശ്വാസ ഗോള്‍ നേടാന്‍ പിഎസ്ജിക്ക് അവസരം കൈവന്നതാണ്. ഗോളെന്നുറച്ച പാസിലേക്ക് ഓടിയെത്തിയ എംബപ്പെ തെന്നിവീണ്, അതും തുലഞ്ഞു. തൊട്ടുപിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങി. ജര്‍മന്‍ ടീം ആഘോഷം അതിര്‍വരമ്പുകള്‍ കടന്ന് ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആറാടാന്‍ തുടങ്ങി. 2013ന് ശേഷം ആദ്യമായാണ് ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കുന്നത്.
ലീഗില്‍ മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ടീം ആണ് ഡോര്‍ട്ട്മുണ്ടും. ഇന്നലെ തോല്‍പ്പിച്ച പിഎസ്ജിയും ഇറ്റാലിയന്‍ കരുത്തരായ എസി മിലാനും ന്യൂ കാസില്‍ യുണൈറ്റഡും അടങ്ങുന്ന ഗ്രൂപ്പ് എഫിലായിരുന്നു ഡോര്‍ട്ട്മുണ്ട്. പ്രീക്വാര്‍ട്ടറില്‍ പിഎസ്വി എയ്ന്ധോവനെ തോല്‍പ്പിച്ച ഡോര്‍ട്ട്മുണ്ട് ക്വാര്‍ട്ടറില്‍ മറികടന്നത് അത്ലറ്റിക്കോ മാഡ്രിഡിനെ.
പ്രതിരോധത്തിലൂന്നിയാണ് പരിശീലകന് എഡിന് ടെര്സികിന്റെ ഡോര്‍ട്ട്മുണ്ട് കളിച്ചത്. കിട്ടിയ സുവര്‍ണാവസരം പാഴാക്കിയില്ല. മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ പിഎസ്ജി മികച്ചൊരു മുന്നേറ്റം നടത്തിയതാണ് പക്ഷെ ഒന്നും സംഭവിച്ചില്ല. നിമിഷങ്ങള്‍ക്കകം ഡോര്‍ട്ട്മുണ്ട് എതിര് ഗോള്‍ മുഖത്തേക്ക് നടത്തിയ മുന്നേറ്റത്തില്‍ കോര്‍ണര്‍ നേടിയെടുത്തു. ജൂലിയന്‍ ബ്രാന്‍ഡ്റ്റ് തൊടുത്ത കോര്‍ണര്‍ കിക്ക് പറന്നുവന്നു വീണത് ഗോള്‍ പോസ്റ്റിന് തൊട്ടരികില്‍ മാറ്റ്സ് ഹമ്മല്‍സ് ഉയര്‍ന്നു ചാടി ഹെഡ്ഡ് ചെയ്ത് പന്ത് അനായാസം വലയിലാക്കി. ഈ ഒരു ഗോളില്‍ അവര്‍ പിഎസ്ജിയുടെ കഥ തീര്‍ത്തു. ആദ്യപാദ മത്സരത്തില്‍ ടീമിന്റെ ഗോള്‍ നേടിയത് ഫുള്‍ക്രൂഗ് ആയിരുന്നു. ഇന്നലത്തെ മത്സരത്തില്‍ ഒരു ഗോള്‍ വീണ ശേഷവും ഡോര്‍ട്ട്മുണ്ടിന് അവസരം ലഭിച്ചതാണ്. സ്കോര്‍ ചെയ്യുകയും ചെയ്തു. ചെറിയ വ്യത്യാസത്തില്‍ ഓഫ് സൈഡായതിനാല്‍ ഗോള്‍ അനുവദിക്കപ്പെട്ടില്ല.
പിഎസ്ജിക്ക് ഇക്കുറിയും ആശ്വസിക്കാന്‍ ഫ്രഞ്ച് ലീഗ് ടൈറ്റില്‍ മാത്രം. സീസണ് അവസാനിക്കുമ്പോള്‍ ടീം വിടുമെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. 2020 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയെങ്കിലും ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് അന്ന് എംബപ്പെയുടെ മോഹങ്ങള്‍ തകര്‍ത്തുകളഞ്ഞു. വരും സീസണില്‍ മിക്കവാറും സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്കാകും എംബപ്പെ പോകുകയെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: