ആലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ മാതൃ വിഭാഗമായ മാതൃശക്തിയുടെ പ്രവര്‍ത്തകര്‍ക്കായി വര്‍ഷം തോറും നടത്തിവരുന്ന പ്രശിക്ഷണ്‍ വര്‍ഗ് 9 മുതല്‍ 12 വരെ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആര്‍ട്ട് ഓഫ് ലിവിങ് ഹാളില്‍ നടക്കും.
ഇന്ന് രാവിലെ പത്തിന് എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉത്ഘാടനം ചെയ്യും. ലളിതമ്മ രാജശേഖരന്‍ അധ്യക്ഷയാകും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ആര്‍. രാജശേഖരന്‍, ഉപാധ്യക്ഷ പ്രസന്നാ ബാഹുലേയന്‍, മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ വി.കെ. സുരേഷ് ശാന്തി എന്നിവര്‍ ആശംസ അര്‍പ്പിക്കും.
സാംസ്‌കാരിക വൈജ്ഞാനിക വിഷയങ്ങളില്‍ ക്ലാസുകള്‍, യോഗാ പരിശീലനം, സ്ത്രീ ശാക്തീകരണത്തിന് ഉതകുന്ന കര്‍മ പദ്ധതികളുടെആസൂത്രണം തുടങ്ങിയവയാണ് ശിബിരത്തില്‍ നടക്കുക. വിശ്വഹിന്ദുപരിഷത്തിന്റെ ഷഷ്ഠിപൂര്‍ത്തി വര്‍ഷമായ 2024ല്‍ അദ്ധ്യാത്മികതയിലൂടെ നവകേരള സൃഷ്ടി എന്ന ലക്ഷ്യം സാക്ഷത്കരിക്കപ്പെടുന്നതിന് വേണ്ടി വിപുലമായ കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരികയാണ്.
ശിബിരത്തില്‍ വിഎച്ച്പി അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ ബജറംഗ്ലാല്‍ ബാഗ്രേ, കേന്ദ്രീയ ജോ. ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവ രാജു, മാതൃശക്തി ദേശീയ സംയോജിക കിശോരിതായ് തുടങ്ങിയവര്‍ മാര്‍ഗനിര്‍ദേശം നല്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നോറോളം മാതൃശക്തി പ്രവര്‍ത്തകരാണ് നാലു ദിവസത്തെ ശിബരത്തില്‍ പങ്കെടുക്കുന്നതെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. ജയകൃഷണന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക