സുബ്രത് പഥക്കിനെ ഇക്കുറി പാര്‍ട്ടി ഏല്പിച്ച ദൗത്യം കൊമ്പനെ വീഴ്‌ത്തുക എന്നതാണ്. അഖിലേഷ് യാദവിന്റെ കോട്ടയില്‍ ബിജെപി ഇറക്കിയ ബ്രഹ്മാസ്ത്രം. മുലായം കുടുംബക്കാര്‍ സ്വന്തമാക്കി കൊണ്ടുനടന്ന മണ്ഡലത്തെ ദുരവസ്ഥകളില്‍ കരകയറ്റിയതിന്റെ കഥകള്‍ എണ്ണിപ്പറഞ്ഞാണ് ബിജെപി ഉത്തര്‍പ്രദേശ് ഘടകം ജനറല്‍ സെക്രട്ടറി കൂടിയായ സുബ്രത് പഥക് കനൗജില്‍ നിറയുന്നത്. ഇന്‍ഡി മുന്നണിയുടെ താരപ്രചാരകനായ അഖിലേഷ് യാദവിന് മണ്ഡലം വിട്ടുപോകാന്‍ നേരമില്ല. സമ്പൂര്‍ണവിജയം കൊതിക്കുന്ന ബിജെപിക്ക് കനൗജ് വിട്ടുനല്കാനുമാകില്ല. അതുകൊണ്ട് പോരാട്ടം കനക്കുകയാണ് കനൗജില്‍.
ജനപ്രതിനിധിയായി കഴിഞ്ഞ കുറി ജയിച്ച സുബ്രത് ജനങ്ങള്‍ക്കിടയിലുണ്ട്. മുലായത്തിന്റെ തഴമ്പ് അഖിലേഷിനില്ലെന്ന് ജനങ്ങള്‍ പറയുന്നത് സുബ്രതിന്റെ ഈ നിത്യസമ്പര്‍ക്കം കാരണമാണ്. ഡിംപിള്‍ യാദവിനെ തോല്പിച്ചാണ് കനൗജില്‍ സുബ്രത് 2019ല്‍ താമര വിരിയിച്ചത്. അതുകൊണ്ട് ഇക്കുറി അഖിലേഷ് നേരിട്ടിറങ്ങിയിരിക്കുകയാണ്.
അഖിലേഷ് ഇവിടേക്ക് വന്നിട്ടില്ല. ടെലിവിഷനില്‍ കാണാറുണ്ട്. ഇപ്പോള്‍ വോട്ട് ചോദിച്ചു വരുമ്പോഴാണ് അദ്ദേഹത്തെ കാണുന്നത്. സുബ്രത് ഭായ് എന്നും ഞങ്ങളുടെയിടയിലുണ്ട്, ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ കനൗജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചൂണ്ടിക്കാട്ടിയത് ഇക്കാര്യമാണ്. കൊവിഡ് മഹാമാരിക്കാലത്ത് കനൗജിനെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോള്‍ വോട്ട് തേടിയെത്തുന്നതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് വാക്‌സിന്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് പാടില്ലെന്ന് വിലക്കിയ ആളാണ് അഖിലേഷ്. നിങ്ങളെത്രയോ കാലമായി മുലായം സിങ്ങിന്റെ കുടുംബക്കാര്‍ക്ക് വോട്ട് ചെയ്യുന്നു. ദുരിതകാലത്ത്, നിങ്ങള്‍ പട്ടിണിയാലായിരുന്നപ്പോള്‍ അവരിലൊരാളെങ്കിലും നിങ്ങളെ തിരിഞ്ഞു നോക്കിയോ? അഖിലേഷോ ഭാര്യ ഡിംപിളോ കനൗജിലേക്ക് വന്നോ? എന്നാല്‍ ബിജെപി നേതാവ് സുബ്രത് പഥക് ഇവിടെ നിങ്ങള്‍ക്കൊപ്പം എന്നുമില്ലേ? അമിത് ഷാ ചോദിച്ചു. സുബ്രതിന്റെ പേര് പറഞ്ഞപ്പോഴൊക്കെ ജനം ആരവം മുഴക്കി.
ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ വാക്‌സിന്‍ കൊണ്ടുവന്നത്. എന്നാല്‍ അഖിലേഷ് അതിനെതിരെ പ്രചാരണം നടത്തി. നിങ്ങളോട് വാക്‌സിന്‍ എടുക്കരുതെന്ന് പറഞ്ഞ അഖിലേഷും ഭാര്യയും വാക്‌സിന്‍ എടുത്ത് അവരുടെ ആരോഗ്യം സുരക്ഷിതമാക്കി. അഖിലേഷിന്റെ വാക്കിന് പുറകേ പോയാല്‍ വിനാശമാണ് ഫലം. ജനങ്ങള്‍ക്ക് നല്ലത് അത്തരം മോശം ഉപദേശകരെ മാറ്റിനിര്‍ത്തുകയാണ്, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക