ചേര്‍ത്തല: വീടുപണി തടസപ്പെടുത്തി സിപിഎം കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പാര്‍ട്ടി കൊടി പിഴുതുമാറ്റി സ്ത്രീകള്‍. തടയാനെത്തിയ കൗണ്‍സിലറെയും പാര്‍ട്ടി പ്രവര്‍ത്തകരേയും തടഞ്ഞ് നാട്ടുകാര്‍. ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡില്‍ തോട്ടത്തില്‍ കവലയ്ക്ക് സമീപമാണ് സംഭവം. വീട്ടിലേക്കുള്ള വഴി അടച്ച് സിപിഎം കൊടിയിട്ടതോടെ ഏഴുമാസമായി വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ കൊടി പിഴുതുമാറ്റിയത്. വീട്ടുകാര്‍ക്ക് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തി.
കൗണ്‍സിലര്‍ എത്തി കൊടി പിഴുതുമാറ്റുന്നത് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഒടുവില്‍ പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വഴിയടച്ച് സ്ഥാപിച്ചിരുന്ന കൊടി മറ്റൊരു സ്ഥലത്തേക്ക് മാറ്റി. നഗരസഭ 15-ാം വാര്‍ഡില്‍ വെളിഞ്ഞാട്ടുചിറവീട്ടില്‍ അഞ്ജലിക്കാണ് വീടു നിര്‍മിക്കുന്നത്. ഇവരുടെ പറമ്പിന്റെ കിഴക്കേ അതിര്‍ത്തിയിലൂടെ റോഡ് നിര്‍മിക്കുന്നതിന് കൗണ്‍സിലറും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും സ്ഥലം ചോദിച്ചിരുന്നു. ഇതേ വഴിക്കായി മുന്‍പ് സ്ഥലം കൊടുത്തിരുന്നതിനാല്‍ വീട്ടുകാര്‍ കൗണ്‍സിലറുടെ ആവശ്യം നിരസിച്ചു. റോഡിനായി പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സിപിഎമ്മുകാര്‍ കൂട്ടാക്കിയില്ല.
ഇതിന്റെ വൈരാഗ്യത്തിലാണ് 2023 ഒക്ടോബര്‍ 27ന് രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി അഞ്ജലി വീട് നിര്‍മിക്കുന്ന സ്ഥലത്തിന് മുന്നില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ സിപിഎമ്മുകാര്‍ കൊടി നാട്ടി. സ്ഥലത്തേക്ക് ഒരു ട്രോളി പോലും കയറാത്ത വിധത്തില്‍ കോണ്‍ക്രീറ്റും ചെയ്തു.
സിപിഎം പ്രവര്‍ത്തകരായിരുന്ന അഞ്ജലിയുടെ കുടുംബം പാര്‍ട്ടി ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ കണ്ട് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പോലീസിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പാര്‍ട്ടി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാത്തതില്‍ മനംനൊന്ത് അഞ്ജലിയുടെ അമ്മാവനായ പുരുഷോത്തമന് ഏപ്രില്‍ 16ന് കൊടിമരത്തിന് സമീപം ആത്മഹത്യക്ക് ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. അന്ന് റവന്യൂ വകുപ്പിന് പരാതി നല്കാന് പോലീസ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ പരാതി നല്കി. ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ കൊടി പിഴുതുമാറ്റിയത്. ഇതിനിടെ പുരുഷോത്തമന്റെ നേതൃത്വത്തില്‍ സഹോദരങ്ങളും അഞ്ജലിയും ഉള്‍പ്പെടെയുള്ളവര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: