പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയില്‍ നഗരസഭകള്‍ക്ക് കിട്ടേണ്ട കേന്ദ്ര ധനസഹായവും നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24 നഗരസഭകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ധനസഹായം സാങ്കേതിക കാരണങ്ങളാല്‍ കേന്ദ്ര ധനകാര്യ കമ്മിഷന്‍ താത്കാലികമായി തടഞ്ഞിരുന്നു. അനുവദിച്ച ഫണ്ട് വിനിയോഗത്തിന്റെ കണക്ക് ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതിനാലാണ് തുക തടഞ്ഞത്.
കേന്ദ്ര ധനകാര്യ കമ്മിഷന്റെ സൈറ്റില്‍ എല്ലാ വര്‍ഷവും വരുമാനം സംബന്ധിച്ച കണക്കുകള്‍ നഗരസഭകള്‍ രേഖപ്പെടുത്തണമെന്ന് കര്‍ശന നിര്‍ദേശവും മുന്‍ വര്‍ഷത്തെ നികുതി പിരിവുമായി ബന്ധപ്പെട്ട് നിശ്ചിതശതമാനം വര്‍ധനയും ധനകാര്യ കമ്മിഷന്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചതില്‍ നിന്ന് വ്യത്യാസം കണ്ടെത്തിയ രണ്ട് കോര്‍പറേഷന്‍ ഉള്‍പ്പെടെ 24 നഗരസഭകളുടെ ഫണ്ട് ആണ് ധനകാര്യ കമ്മിഷന്‍ തടഞ്ഞിരിക്കുന്നത്.
ഓരോ നഗരസഭയോടും ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് വാങ്ങി അത് ക്രോഡീകരിച്ച് ചീഫ് സെക്രട്ടറി മുഖേന കേന്ദ്ര കുടുംബ – നഗര മന്ത്രാലയത്തെ ഏല്‍പ്പിക്കണമെന്നാണ് കീഴ്‌വഴക്കം. കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാലതാമസത്തിനുള്ള യഥാര്‍ത്ഥ കാരണം നിയമാനുസരണം സമര്‍പ്പിക്കുകയും വേണം. ഇല്ലെങ്കില്‍ ധനസഹായം ലഭിക്കില്ല. കേരളത്തോടൊപ്പം മറ്റു ചില സംസ്ഥാനങ്ങളും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര കുടുംബ നഗര മന്ത്രാലയത്ത ഏല്‍പ്പിച്ചില്ലങ്കില്‍ കേരളത്തിലെ 24 നഗരസഭകളുടെയും രണ്ട് കോര്‍പറേഷനുകളുടെയും ധനസഹായം നഷ്ടപ്പെടാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: