ആലപ്പുഴ: പ്രസവാനന്തര ചികിത്സക്കിടെ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തള്ളി. റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് സംഭവമുണ്ടായത്.കരൂര്‍ തൈവേലിക്കകം ഷിബിന (31) മരിച്ച സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.യുവതിയുടെ മരണ കാരണം ചികിത്സാ പിഴവല്ലെന്നാണ് ഡോക്ടര്‍മാരുടെ സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
ഷിബിനയെ മാര്‍ച്ച് 21 നാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26-ാം തീയതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ഷിബിനയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തെങ്കിലും കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ തുടര്‍ന്നു.
ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ലെന്ന് ആരോപണമുണ്ടായിരുന്നു. ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് ഷിബിനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡയാലിസിസിന് ഉള്‍പ്പടെ വിധേയാക്കി. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഏപ്രില്‍ 28 ന് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക