പത്തനംതിട്ട: തിരുവല്ലയിൽ സ്കൂട്ടറിൽ വന്ന യുവതിക്ക് നേരെ മദ്യപന്റെ ആക്രമണം. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന 25കാരിയായ യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. വീഴ്ചയിൽ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. പരുക്കേറ്റ യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവല്ല സ്റ്റേഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. പോലീസ് സ്റ്റേഷനിൽ എത്തി ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിൽ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് ജോജോയുടെ വീട്ടില്‍ മോഷണംനടന്നിരുന്നു. എന്നാല്‍, ഈ കേസില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിരുന്നില്ല. ഇത് ചോദ്യംചെയ്യാനായാണ് ജോജോ മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനിലെത്തിയത്.
മദ്യപിച്ച് ബൈക്കിൽ പോലീസ് സ്റ്റേഷനിലെത്തിയ ജോജോ ബഹളം വെച്ചതിനെ തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പോലീസുകാർ മടക്കി അയച്ചു. തുടർന്ന് തിരുവല്ല നഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ഇയാൾ ഇരുചക്രവാഹനത്തിലെത്തിയ പെൺകുട്ടിയെ സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിടുകയുമായിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പോലീസ് അറിയിച്ചു.
അതേസമയം, ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി തിരികെകൊണ്ടുപോകുന്നതിനിടെ പ്രതിക്ക് നേരേയും ആക്രമണമുണ്ടായി. പരിക്കേറ്റ 25-കാരിയുടെ ബന്ധുക്കളാണ് പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ മര്‍ദിച്ചത്. പോലീസ് ജീപ്പിനുള്ളിലായിരുന്ന ജോജോയെ വാഹനത്തിന്റെ വാതില്‍തുറന്ന് മര്‍ദിക്കുകയായിരുന്നു. പ്രതിക്കുനേരേ യുവതികള്‍ ചെരിപ്പ് വലിച്ചെറിയുകയുംചെയ്തു. തുടര്‍ന്ന് പോലീസ് ബലംപ്രയോഗിച്ചാണ് ഇവരെ മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: