Categories: Kerala

ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനങ്ങള്‍ ആത്മീയതയിലെ പുതിയ വെളിച്ചം: ഗവര്‍ണര്‍

Published by

പോത്തന്‍കോട് (തിരുവനന്തപുരം): നവജ്യോതി കരുണാകരഗുരുവിന്റെ ജീവിതവും ഉപദേശങ്ങളും ഭാരതത്തിന്റെ മഹത്തായ ആത്മീയ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഗുരുദര്‍ശനങ്ങള്‍ ഈ കാലഘട്ടത്തില്‍ ആത്മീയതയിലെ പുതിയപ്രകാശമായി നിലകൊള്ളുന്നു. ജാതിമതവര്‍ണവര്‍ഗ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യനെന്ന ഏകാത്മകതയില്‍ എത്തിച്ചേരുവാനാണ് ഗുരു സമൂഹത്തെ പഠിപ്പിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ശാന്തിഗിരി ആശ്രമത്തില്‍ ഇരുപത്തിയഞ്ചാമത് നവഒലി ജ്യോതിര്‍ദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശരീരം ആത്മാവിന്റെ പ്രവര്‍ത്തനത്തിനുള്ള ഉപകരണമാണെന്ന് തിരിച്ചറിഞ്ഞ് ഗുരു സമൂഹത്തോട് ചേര്‍ന്നു നിന്നു. മാനുഷിക ക്ഷേമത്തിലൂന്നിയുള്ള ആത്മീയതയായിരുന്നു ഗുരുവിന്റേത്. വിശക്കുന്നവന് ആദ്യം ആഹാരവും ശരീരത്തിന് സൗഖ്യവും മനസിന് ആത്മശാന്തിയും ഗുരു പകര്‍ന്നു നല്കി. അന്നദാനത്തിന്റെയും ആതുരസേവനത്തിന്റെയും ആത്മബോധനത്തിന്റെയും മഹത്വം ഉള്‍ക്കൊണ്ടാണ് ശാന്തിഗിരി ആശ്രമവും ബ്രാഞ്ചാശ്രമങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷനായി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജേശേഖരന്‍, എം. വിന്‍സന്റ് എംഎല്‍എ, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ജനനി കൃപജ്ഞാന തപസ്വിനി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക