ചിറ്റഗോങ്: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ നാലാം ടി 20യിലും ഭാരതത്തിന് തകര്‍പ്പന്‍ വിജയം. മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 56 റണ്‍സിന്റെ വിജയമാണ് ഭാരത വനിതകള്‍ നേടിയത്. മഴ കാരണം കളി 14 ഓവറായി ചുരുക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഭാരതം നിശ്ചിത 14 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു. തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 125 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ.
26 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത നായിക ഹര്‍മന്‍പ്രീത് കൗറാണ് ഭാരതത്തിന്റെ ടോ്പ് സ്‌കോറര്‍. റിച്ച ഘോഷ് 15 പന്തില്‍ നിന്ന് 24ഉം ഡി. ഹേമലത 14 പന്തില്‍ നിന്ന് 22ഉം സ്മൃതി മന്ദാന 18 പന്തില്‍ 22ഉം റണ്‍സ് നേടി. മലയാളി താരം സജന സജീവന്‍ അഞ്ച് പന്തില്‍ നിന്ന് എട്ട് റണ്ണുമായി പുറത്താകാതെ നിന്നു. ഓപ്പറണ്‍ ഷഫാലി വര്‍മ (2) നിരാശപ്പെടുത്തി. ബംഗ്ലാദേശിനുവേണ്ടി മറൂഫ അക്തര്‍, റബേയ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് നിരയില്‍ ആര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല. 21 റണ്‍സെടുത്ത ദിലാറ അക്തറാണ് ടോപ് സ്‌കോറര്‍. റൂബിയ ഹൈദര്‍ (13), ഷോറിഫ ഖാതുന്‍ (11 നോട്ടൗട്ട്) എന്നിവരാണ് ബംഗ്ലാ വനിതകളില്‍ രണ്ടക്കം കടന്നവര്‍. ഭാരതത്തിന് വേണ്ടി ദീപ്തി ശര്‍മ, മലയാളി താരം ആശാ ശോഭന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഭാരത നായിക ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: