ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫൈവ് സ്റ്റാര്‍ ജയവുമായി ചെല്‍സി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വെസ്റ്റ്ഹാം യുണൈറ്റഡിനെ തകര്‍ത്തു. വിജയികള്‍ക്കായി നിക്കോളാസ് ജാക്സണ് രണ്ട് ഗോള്‍ നേടി. കോള്‍ പാമര്‍, ഗാലഗ, നോനി മഡ്യുകെ എന്നിവര്‍ ഓരോ ഗോളുമടിച്ചു.
ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ചെല്‍സിയുടെ ആധിപത്യമായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും നീലപ്പട വെസ്റ്റ്ഹാമിനേക്കാള് ഏറെ മുന്നിലായിരുന്നു. വെസ്്റ്റ്ഹാം ഗോളിയുടെ ചില മികച്ച രക്ഷപ്പെടുത്തലുകളാണ് കൂടുതല്‍ കനത്ത പരാജയത്തില്‍ നിന്ന് അവരെ രക്ഷിച്ചത്.
15-ാം മിനിറ്റില്‍ കോള്‍ പാമറിലൂടെയാണ് ചെല്‍സി ഗോളടിക്ക് തുടക്കമിട്ടത്. നിക്കോളാസ് ജാക്സണ് ഒരുക്കിയ അവസരത്തില്‍ നിന്നായിരുന്നു ഗോള്‍. തൊട്ടുപിന്നാലെ വെസ്റ്റ്ഹാം യുണൈറ്റഡ് സമനില നേടിയെന്ന് തോന്നിച്ചെങ്കിലും ജെറാര്‍ഡ് ബൗണിന്റെ ഹെഡ്ഡര്‍ ക്രോസ്ബാറിലിടിച്ച് മടങ്ങി. 30-ാം മിനിറ്റില്‍ കോണര്‍ ഗാലഗറിലൂടെ ചെല്‍സി രണ്ടാം ഗോള്‍ നേടി. ആറ് മിനിറ്റിനുശേഷം നോനി മഡ്യുകെയും ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയില്‍ ചെല്‍സി 3-0ന്റെ ലീഡ് സ്വന്തമാക്കി.
രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റായപ്പോള്‍ നാലാം ഗോളും അവര്‍ സ്വന്തമാക്കി. മഡ്യുകെ ഒരുക്കിയ അവസരത്തില്‍ നിന്ന് നിക്കോളാസ് ജാക്സണാണ് ഇത്തവണ ലക്ഷ്യം കണ്ടത്. പിന്നീട് 80-ാം മിനിറ്റില്‍ ജാക്സണ് തന്റെ രണ്ടാം ഗോളും ചെല്‍സിയുടെ അഞ്ചാം ഗോളും നേടിയതോടെ തകര്‍പ്പന്‍ വിജയം ചെല്‍സിക്ക് സ്വന്തമായി.
വമ്പന്‍ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും നീലപ്പടയ്ക്ക് സാധിച്ചു. 35 മത്സരങ്ങളില്‍ 54 പോയിന്റാണ് ചെല്‍സിയുടെ സമ്പാദ്യം. 34 മത്സരങ്ങളില്‍ 54 പോയിന്റ് തന്നെയുള്ള യുണൈറ്റഡ് ഗോള്‍ വ്യത്യാസത്തിലാണ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: