ന്യൂദല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള സുപ്രീം കോടതി വിധി മറികടക്കാനുള്ള പദ്ധതികള്‍ രാഹുല്‍ ഗാന്ധി തയാറാക്കിയിരുന്നതായി മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം.
വിധി നടപ്പാക്കുന്നത് പരിശോധിക്കുന്നതിന് എന്ന പേരില്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കാനായിരുന്നു രാഹുലിന്റെ പദ്ധതി. സുപ്രീംകോടതി വിധിക്കു ശേഷം ചേര്‍ന്ന കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ യോഗത്തില്‍ രാഹുല്‍ ഈ പദ്ധതി അവതരിപ്പിച്ചിരുന്നതായും ആചാര്യ പ്രമോദ് കൃഷ്ണം വെളിപ്പെടുത്തി.
താന്‍ 32 വര്‍ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഷാബാനു കേസിലെ വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണം കൊണ്ടുവന്ന രാജീവ് ഗാന്ധിയുടെ അതേ നിലപാട് തന്നെയാണ് രാഹുലും രാമക്ഷേത്ര വിഷയത്തില്‍ സ്വീകരിച്ചത്. അമേരിക്കയില്‍ കഴിയുന്ന രാഹുലിന്റെ വിശ്വസ്തനാണ് ഈ ആശയം രാഹുലിന് നല്‍കിയതെന്നും പ്രമോദ് കൃഷ്ണം ആരോപിച്ചു. ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവും നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനുമായ സാം പിത്രോദയെയാണ് പ്രമോദ് കൃഷ്ണം പരാമര്‍ശിച്ചതെന്നാണ് സൂചന.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ബഹിഷ്ക്കരിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് ആചാര്യ പ്രമോദ് കൃഷ്ണത്തെ പാര്‍ട്ടി പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: