നാഗര്‍കോവില്‍: അരളിപ്പൂവും ഇലകളും മരണകാരണമാകുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ ആശങ്കകളോടെ തോവാളയിലെ പൂവ് കര്‍ഷകരും, പുഷ്പ വ്യാപരികളും. അരളിപ്പൂവിലെ വിഷാംശം സംബന്ധിച്ച വിവാദം മലയാള മണ്ണില്‍ കൊഴുക്കുമ്പോള്‍ കലുഷിതമാകുന്നത് തമിഴകത്തിലെ പൂ കര്‍ഷകരുടെ മനസ്സാണ്. കൊവിഡ് കാലത്തെ പ്രതികൂല സാഹചര്യത്തെ അതിജീവിക്കാനായതിന്റെ പെടാപാടുകള്‍ പൂര്‍ണ്ണമായും മാറുന്നതിനിടെയാണ് തോവാള പാടങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്.
കന്യാകുമാരി ജില്ലയിലെ തോവാള തമിഴകത്തെ പുഷ്പഗ്രാമമാണ്. ഏക്കര്‍ കണക്കിന് പാടങ്ങളിലാണ് അരളി ഉള്‍പ്പെടെയുള്ള വിവിധയിനം പൂക്കള്‍ ഇവിടെ വ്യാപകമായി കൃഷി ചെയ്തിരിക്കുന്നത്. നൂറു കണക്കിന് കര്‍ഷകരാണ് പുഷ്പ കൃഷിയെ ആശ്രയിച്ച് കഴിയുന്നത്. തോവാളയെ സംബന്ധിച്ചിടത്തോളം പ്രധാന വിപണി കേരളത്തിലെ തെക്കന്‍ ജില്ലകളാണ്. മറ്റു പൂക്കളെ അപേക്ഷിച്ച് കമ്പോളത്തില്‍ അരളിക്ക് വന്‍ തോതിലുള്ള ആവശ്യക്കാര്‍ പ്രത്യക്ഷത്തില്‍ ഇല്ലെന്ന് തോന്നുമെങ്കിലും ക്ഷേത്രങ്ങളിലെ പൂജ ആവശ്യങ്ങള്‍ക്ക് കൂടുതലും അരളിപ്പൂവ് ഉപയോഗിച്ച് വരുന്നു. വിലകുറവും വാടാത്ത നല്ല പൂക്കളും ലഭിക്കുമെന്നതിനാലാണ്.
തോവാളയില്‍ നിന്നും ലോറികളില്‍ കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്ക് പിച്ചി, വാടാമല്ലി, തുളസി, രജനീഗന്ധി മുതലായവയോടൊപ്പം അരളി പൂക്കളാണ് ധാരാളമായി എത്തുന്നത്. കൊവിഡ് കാലം തോവാളയ്ക്ക് തീരാസങ്കടത്തിന്റെ കാലമായിരുന്നു. അരളി പൂക്കള്‍ പറിക്കാനാകാതെ വന്നതോടെ അവ കായ്കളായി മാറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. കേരളത്തില്‍ അരളി പൂവിലെ വിഷാംശം ഉള്ളില്‍ ചെന്ന് വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം ചര്‍ച്ചകളായി മാറിയിരിക്കുകയാണ് തോവാള ഗ്രാമങ്ങളിലും പൂചന്തയിലും. പൂജകള്‍ക്ക് അരളിപ്പൂക്കള്‍ പരിഗണിക്കാതെ വന്നാല്‍ പുഷ്പ വ്യാപാരികള്‍ അരളിയെ കൈയ്യൊഴിയും. ഇതോടെ തോവാളയിലെ പാടങ്ങളില്‍ നിന്നും അരളിയെ ഒഴിവാക്കേണ്ടതായും വരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: