ലണ്ടന്: ടൈറ്റാനിക്കിലൂടെ മലയാളികള്ക്കും സുപരിചിതനായ പ്രശസ്ത ഹോളിവുഡ് നടന് ബെര്ണാഡ് ഹില് (79) അന്തരിച്ചു.ജെയിംസ് കാമറൂണിന്റെ ‘ടൈറ്റാനിക്കില്’ (1997) ആര്എംഎസ് ടൈറ്റാനിക്കിന്റെ കമാന്ഡറായ ക്യാപ്റ്റന് എഡ്വേര്ഡ് സ്മിത്തിനെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ലിയോനാര്ഡോ ഡികാപ്രിയോയും കേറ്റ് വിന്സ്ലെറ്റും മുഖ്യവേഷങ്ങളില് അഭിനയിച്ച ആ ദുരന്ത പ്രണയത്തിലെ യഥാര്ത്ഥ വ്യക്തിയെ അടിസ്ഥാനമാക്കിയുള്ള ഒരേയൊരു കഥാപാത്രമാണ് എഡ്വേര്ഡ് ജോണ് സ്മിത്ത്. 11 അക്കാദമി അവാര്ഡുകളും ഈ ചിത്രം നേടി. മുങ്ങുന്ന കപ്പലില് വെള്ളം കയറുമ്പോള്, കഴിയുന്നത്രപേരെ രക്ഷിച്ചശേഷം ഹില്ലിന്റെ കഥാപാത്രം നിശബ്ദമായി വീല്ഹൗസിലേക്ക് പിന്വാങ്ങുന്ന രംഗം ടൈറ്റാനിക്കിന്റെ പ്രേക്ഷകര് അവിസ്മരണീയമായി മനസില് സൂക്ഷിക്കുന്നു.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില് ജനിച്ച ഹില് പ്രശസ്തനായ ബിബിസി ടിവി നാടകമായ ‘ബോയ്സ് ഫ്രം ദ ബ്ലാക്ക്സ്റ്റഫില്’ യോസര് ഹ്യൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ശ്രദ്ധേയനാവുന്നത്.
നടിയും ഗായികയുമായ ബാര്ബറ ഡിക്സണ്, അന്തരിച്ച നടനോടൊപ്പമുള്ള ബ്ലാക്ക് ആന്ഡ് വൈറ്റ് ചിത്രം പങ്കിട്ടുകൊണ്ട് എക്സില് വാര്ത്ത സ്ഥിരീകരിച്ചു. ‘ബെര്ണാഡ് ഹില്ലിന്റെ മരണം വളരെ സങ്കടത്തോടെയാണ് ഞാന് കേട്ടത്’- അവര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: