‘ഓടി വിളയാട് പാപ്പാ’ ഒരുകാലത്ത് ഭാരതം മുഴുവന്‍ അലയടിച്ച ഗാനശകലമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വല ഇതിഹാസമായിരുന്ന കവി സുബ്രഹ്മണ്യ ഭാരതിയുടെ പ്രശസ്തമായ കുട്ടിപ്പാട്ട് തമിഴില്‍ ആയിട്ടും ഭാരതം മുഴുവന്‍ ഒരേപോലെ അലയടിച്ചിരുന്നു. ഇന്ന് ആ പാട്ടിനെ ഒരു പാഠഭേദത്തോടെ അവതരിപ്പിക്കപ്പെടുമ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ജനങ്ങളുടെ ചുണ്ടില്‍ പുഞ്ചിരി വിരിയുകയാണ്. ‘ഓടി വിളയാട് പപ്പു’ എന്ന വരികളോടെയാണ് ആ പാഠഭേദം എത്തിയിരിക്കുന്നത്. അമേഠിയില്‍ നിന്ന് റായ്ബറേലിയിലേക്ക് തട്ടകം മാറ്റി അവസാന തുരുത്തെങ്കിലും രക്ഷപ്പെടുത്താന്‍ ഓടി നടക്കുന്ന രാഹുല്‍ കോണ്‍ഗ്രസിന്റെ, ഇന്‍ഡി മുന്നണിയുടെ തകര്‍ന്നടിഞ്ഞ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്.
അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിന്റെ എന്നല്ല, നെഹ്റു കുടുംബത്തിന്റെ മണ്ഡലങ്ങളായിരുന്നു. ദശാബ്ദങ്ങളായി നെഹ്റു കുടുംബക്കാര് അല്ലെങ്കില്‍ അവരുടെ വിശ്വസ്തര്‍ മാത്രം മത്സരിച്ചിരുന്ന മണ്ഡലങ്ങള്‍. പക്ഷേ, ഭാരതത്തിലുടനീളം ഒരു കൊടുങ്കാറ്റ് പോലെ വീശുന്ന നരേന്ദ്രമോദി ഇഫക്ട് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത് നിലംപരിശാക്കിയിരിക്കുന്നു. 2019 ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ഗാന്ധി തോറ്റത് നിസ്സാര വോട്ടിനല്ല, വന്‍ ഭൂരിപക്ഷത്തിനു തന്നെയാണ്. മുസ്ലിംലീഗിന്റെയും ഇസ്ലാമിക ഭീകരരുടെയും പിന്തുണയോടെ വയനാട് രണ്ടാം മണ്ഡലം എന്ന നിലയില്‍ മത്സരിച്ച് പാര്‍ലമെന്റില്‍ എത്തേണ്ട ഗതികേടിലേക്ക് യുവരാജാവ് തകര്‍ന്നുവീണു.
ഇത്തവണ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക വയനാട്ടില്‍ കൊടുക്കും മുമ്പ് തന്നെ അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ച് വിറപ്പിച്ച് വയനാട്ടിലേക്ക് അയച്ച സ്മൃതി ഇറാനി വയനാട്ടില്‍ നേരിട്ടെത്തി രാഹുലിനെ അമേഠിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ചു. രാഹുലിന്റെ അനായാസ വിജയം ഒഴിവാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നാമനിര്‍ദ്ദേശപത്രിക കൊടുക്കുന്ന ദിവസമാണ് റോഡ് ഷോയില്‍ സ്മൃതി ഇറാനി വയനാട്ടില്‍ എത്തിയത്. പെണ്ണൊരുത്തി വന്നു വെല്ലുവിളിച്ചിട്ട് ആ വെല്ലുവിളി സ്വീകരിച്ച് തോറ്റാലും അമേഠിയില്‍ മത്സരിക്കാനുള്ള ധൈര്യവും ചങ്കൂറ്റവും രാഹുല്‍ കാട്ടും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ, രാഹുല്‍ അമേഠിയിലേക്ക് പോയില്ല. പകരമാണ് മമ്മി സോണിയാഗാന്ധി ഒഴിവാക്കിയ റായ്ബറേലിയിലേക്ക് രാഹുല്‍ പറന്നിറങ്ങിയത്.
അമേഠി മാത്രമല്ല, റായ്ബറേലിയും സുരക്ഷിത മണ്ഡലമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വവും സോണിയയും തിരിച്ചറിഞ്ഞിരുന്നു. പാരമ്പര്യത്തിന്റെയും വ്യാജ ഗാന്ധി മേല്‍വിലാസത്തിന്റെയും പച്ചയില്‍ മുന്നോട്ടു പോകാന്‍ കഴിയുന്ന സംവിധാനമല്ല നില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സുരക്ഷിതമായ രാജ്യസഭാ അംഗത്വം ലഭ്യമായപ്പോള്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ല എന്ന മുന്‍കൂര്‍ ജാമ്യത്തോടെ സോണിയ റായ്ബറേലി വിട്ടത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചപ്പോള്‍ റായ്ബറേലി ഇല്ലാതെ എന്റെ കുടുംബം പൂര്‍ണ്ണമാകില്ല എന്ന വൈകാരികമായ വാക്കുകളോടെ മണ്ഡലം വീണ്ടും ഉറപ്പിക്കാനുള്ള ശ്രമം സോണിയ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അമേഠിയില്‍ രാഹുല്‍ തന്നെ മത്സരിക്കണമെന്നും റായിബറേലിയില്‍ പ്രിയങ്ക വാദ്ര സ്ഥാനാര്‍ത്ഥിയാകണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പ്രിയങ്ക വാദ്ര മത്സരിക്കാന്‍ ഇല്ലെന്നു വ്യക്തമാക്കി. തോറ്റാല്‍ നഷ്ടപ്പെടുന്ന പ്രതിച്ഛായ ഒരു തിരിച്ചുവരവിന് ഒരിക്കലും ഇടനല്‍കില്ലെന്ന് പ്രിയങ്കയ്ക്ക് നന്നായി അറിയാമായിരുന്നു.
പക്ഷേ അമേഠി സീറ്റിന് അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര അവകാശം ഉന്നയിച്ച് രംഗത്ത് വന്നു. യുപിഎ ഭരണകാലത്ത് നിരവധി ഇടപാടുകളിലൂടെ കുംഭകോണങ്ങളുടെ രാജകുമാരനായി മാറിയ റോബര്‍ട്ട് വാദ്രയ്ക്ക് സീറ്റ് നല്കിയാല് അത് കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന അണിയാകുമെന്ന് അറിയുന്ന ഒരുവിഭാഗം നേതാക്കള്‍ അതിനെതിരെ രംഗത്തുവന്നു. സോണിയയുടെ മാനേജരും കുടുംബത്തിന്റെ വിശ്വസ്തനുമായ കെ.എല്‍.ശര്‍മയാണ് അമേഠിയിലെ സ്ഥാനാര്‍ത്ഥി. കാര്യമായ രാഷ്ട്രീയ പാരമ്പര്യം ഒന്നുമില്ലെങ്കിലും സോണിയ രാഹുല്‍ കുടുംബത്തോട് എല്ലാ കാലത്തും കൂറുപുലര്‍ത്തി വിശ്വസ്ത സേവകനായി സേവനമനുഷ്ഠിച്ച ശര്‍മയെ സ്ഥാനാര്‍ത്ഥിയാക്കി കുടുംബബന്ധം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. മെയ് 20ന് അഞ്ചാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന റായിബറേലിയിലും അമേഠിയിലും നാമനിര്‍ദ്ദേശപത്രിക നല്‍കേണ്ട അവസാന ദിവസമാണ് രാഹുലും ശര്‍മയും പത്രിക സമര്‍പ്പിച്ചത്.
യുപിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏക സീറ്റാണ് റായ്ബറേലി. ബിജെപി നേതാക്കളുടെ, പ്രത്യേകിച്ച് സ്മൃതി ഇറാനിയുടെ ആവര്‍ത്തിച്ചുള്ള വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍, യുപിയില്‍ എവിടെയെങ്കിലും മത്സരിക്കണം എന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു. രണ്ടാമതൊരിക്കല്‍ക്കൂടി അമേഠിയില്‍ പരാജയം ഏറ്റുവാങ്ങാനുള്ള ധൈര്യം രാഹുലിന് ഉണ്ടായിരുന്നില്ല. അവിടെ പിന്തുണയ്ക്കാന്‍ ഭീകരവാദി ന്യൂനപക്ഷ വോട്ടുബാങ്കും ഇല്ല. ദേശീയ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നതുപോലെ അതുകാരണമാണ് റണ്‍ ബേബി റണ്‍ എന്ന കോറസ് പോലെ രാഹുല്‍ റായ്ബറേലിയിലേക്ക് അവസാനദിവസം ഓടിയെത്തിയത്. 1952ലെ പൊതു തെരഞ്ഞെടുപ്പ് മുതല്‍ നെഹ്റു കുടുംബത്തിന്റെ കുത്തകയായിരുന്നു റായ്ബറേലി. ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഗണ്ഡി ആയിരുന്നു 1952 ല്‍ റായ്ബറേലിയില്‍ മത്സരിച്ചത്. പിന്നീട് ഇന്ദിര, അരുണ്‍ നെഹ്റു, ഷീല കൗള്‍, സതീഷ് ശര്‍മ തുടങ്ങി നെഹ്റു കുടുംബത്തിന്റെ ചാര്‍ച്ചക്കാരും വിശ്വസ്തരും ഇവിടെ മത്സരിക്കാന്‍ എത്തി. 1996ലും 98 ലും മണ്ഡലം ബിജെപി പിടിച്ചു. അശോക് സിംഗ് ആയിരുന്നു സ്ഥാനാര്‍ത്ഥി. 2004 മുതല്‍ 2019 വരെ സോണിയ റായ്ബറേലിയെ പ്രതിനിധീകരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ദിനേശ് പ്രതാപ് സിംഗ് സോണിയയെ വിറപ്പിച്ചാണ് വിട്ടത്. അവിടെത്തന്നെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദിനേശ് പ്രതാപ് സിംഗ് ഇപ്പോള്‍ യുപിയിലെ മന്ത്രിയാണ്. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും വേരുകള്‍ ഉള്ള ദിനേശ് പ്രതാപ് സിംഗിനെ നേരിടുന്നത് ദുഷ്കരമാണെന്ന് കണ്ടാണ് സോണിയ ഇക്കുറി പിന്‍വാങ്ങിയത്. പകരം വയനാടിന് പിന്നാലെ രാഹുല്‍ ഒരു ഭാഗ്യപരീക്ഷണത്തിന് അവിടെ എത്തിയിരിക്കുന്നു.
2006ലെ തെരഞ്ഞെടുപ്പില്‍ 417888 ഭൂരിപക്ഷം നേടിയ സോണിയയുടെ ഭൂരിപക്ഷം പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പിലും കുറഞ്ഞു വരികയായിരുന്നു. 2009 ല്‍ 372165 വോട്ടും 2014 ല്‍ 352713 വോട്ടും 2019 ല്‍ 167178 വോട്ടും ആയിരുന്നു സോണിയയുടെ ഭൂരിപക്ഷം. 20 തവണ നടന്ന തെരഞ്ഞെടുപ്പുകളില്‍ 14 തവണയും നെഹ്റു കുടുംബം മാത്രം തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് റായ്ബറേലി. ഒരുതവണ നെഹ്റു കുടുംബം തോറ്റത് 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആയിരുന്നു. തോറ്റത് സാക്ഷാല്‍ ഇന്ദിരാഗാന്ധി തന്നെ. അന്ന് ജയിച്ച രാജ്നാരായണന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ ജയന്റ് കില്ലര്‍ ആയി മാറി.
യുപിയില്‍ നിന്ന് സമാധാനവും സുരക്ഷിതത്വവും തേടി വയനാട്ടിലേക്ക് വണ്ടി കയറിയ രാഹുല്‍ ഒരിക്കല്‍ക്കൂടി ഭാഗ്യ പരീക്ഷണത്തിന് യുപിയിലേക്ക് തിരിച്ചെത്തുന്നത് സമാജ് വാദിപാര്‍ട്ടിയുടെയും ഇന്‍ഡി മുന്നണിയുടെയും തെരഞ്ഞെടുപ്പ് സര്‍വ്വേയും വാഗ്ദാനവും മാത്രം കാരണമാണ്. അമേഠിയിലും റായ്ബറേലിയിലും നെഹ്റു കുടുംബത്തില്‍ നിന്ന് ആരെങ്കിലും മത്സരിച്ചാല്‍ വിജയം കൈവരിക്കാന്‍ കഴിയും എന്നാണ് ഇന്‍ഡി മുന്നണി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയതത്രെ. കോണ്‍ഗ്രസിനെയും നേതാക്കളെയും കാര്യമായി മൈന്‍ഡ് ചെയ്യാത്ത എസ്പി നേതാവ് അഖിലേഷ് യാദവിനോട് സോണിയയും കോണ്‍ഗ്രസ് നേതൃത്വവും നടത്തിയ നിരന്തര ചര്‍ച്ചയ്ക്കൊടുവിലാണ് അവിടെ അഖിലേഷ് സഹായം ഉറപ്പു നല്‍കിയത്. റായ്ബറേലിയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണവും ഇപ്പോഴും സമാജ്വാദി പാര്‍ട്ടിയുടെ കൈവശമാണെന്ന യാഥാര്‍ത്ഥ്യവും അവരുടെ ശക്തികേന്ദ്രം ആണെന്ന ഉറപ്പുമാണ് രാഹുലിനെ ഒരിക്കല്‍ക്കൂടി ഭാഗ്യപരീക്ഷണത്തിന് നിര്‍ബന്ധിതനാക്കിയത്. തന്റെ പിന്‍ഗാമിയെന്ന നിലയില്‍ രാഹുല്‍ വരട്ടെ എന്ന മാഡം സോണിയയുടെ നിര്‍ബന്ധവും ഇതിന് കാരണമാക്കി. അമേഠിയില്‍ മത്സരിച്ചാല്‍ പ്രചാരണത്തിനുവേണ്ടി അവിടെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും എന്നും മറ്റിടങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നുമുള്ള രാഹുലിന്റെ അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വം മുഖവിലയ്ക്കെടുത്തു. അഖിലേഷിന്റെ ഉറപ്പും അവരുടെ ശക്തികേന്ദ്രമാണെന്ന വിശ്വാസവും പിന്‍ബലം നല്കിയപ്പോള് രാഹുല്‍ മത്സരത്തിന് തീരുമാനിക്കുകയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം വന്ന് പത്രിക നല്കിയ രാഹുലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത് രാഷ്ട്രീയത്തില്‍ ഭയത്തിന് സ്ഥാനമില്ല, അതുകൊണ്ട് ഭയപ്പെടരുത് എന്ന പരാമര്‍ശത്തോടെയാണ്. അമേഠിയില്‍ നിന്ന് പരാജയം പേടിച്ച് ഭയന്ന് ഓടി എന്ന രീതിയിലാണ് രാഷ്ട്രീയ നിരീക്ഷകരും എതിര്‍പക്ഷവും രാഹുലിന്റെ റായിബറേലിയിലേക്കുള്ള ഓട്ടത്തെ കാണുന്നത്. റായ്ബറേലിയില്‍ വിജയിച്ചാല്‍ പ്രിയങ്കയെ കന്നിമത്സരത്തിന് വയനാട്ടില്‍ ഇറക്കി സുരക്ഷിതമായി പാര്‍ലമെന്റില്‍ എത്തിക്കാന്‍ കഴിയും എന്ന നീക്കവും കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ട്.
പക്ഷേ, ശക്തനായ ദിനേശ് പ്രതാപ് സിംഗിനെ എഴുതി തള്ളാന്‍ ആവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ വിലയിരുത്തുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ തന്നെ പ്രവര്‍ത്തിച്ച സിംഗിന്റെ വിശ്വാസ്യത രാഹുലിനെക്കാള്‍ ഏറെ മുന്നില്‍ ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. റായ്ബറേലിയില്‍ പരാജയം ഏറ്റുവാങ്ങിയാല്‍ മുത്തശ്ശി പാര്‍ട്ടിയുടെ അവസാന അഭയകേന്ദ്രമായ തുരുത്ത് ആയിരിക്കും നഷ്ടപ്പെടുക. ഒപ്പം വയനാട്ടില്‍ ജയിച്ചാലും ദേശീയ നേതൃത്വത്തില്‍ രാഹുലിന്റെ മുഖം നഷ്ടപ്പെടുകയും ഒരു തിരിച്ചുവരവിനോ നിലനില്‍പ്പിനോ ഉള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും. അനിവാര്യമായ വിനാശത്തിന്റെ പടുകുഴിയിലേക്കാണ് കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയും നീങ്ങുന്നത്. അഴിമതിയിലൂടെയും സ്വജനപക്ഷപാദത്തിലൂടെയും ആയിരക്കണക്കിന് കോടി രൂപ അടിച്ചുമാറ്റി ഭാരതത്തിലെ ദരിദ്ര കോടികളെ വിനാശത്തിന്റെ പടുകുഴിയിലേക്ക് നയിച്ച കോണ്‍ഗ്രസ് ഊര്‍ദ്ധശ്വാസം വലിക്കുമ്പോള്‍ ഒന്ന് കൈ കൊടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു എന്ന സാഹചര്യം കൂടി തിരിച്ചറിയണം. ശരശയ്യയില്‍ സ്വച്ഛന്ദമൃത്യു ആശംസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: