മൂന്നാര്‍: മൂന്നാറില്‍ സിപിഎം ക്വട്ടേഷന്‍ സംഘത്തിന്റെ മര്‍ദനമേറ്റ പതിനാറുകാരിയെ സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതൃസംഘം സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍ പോലീസ് കാര്യമായി ഇടപെടാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയത്.
കോരണ്ടിക്കാവ് കോരടിക്കാട് മണികണ്ഠന്റെ വീടാണ് സിപിഎം ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. ഇതിനിടയിലാണ് മണികണ്ഠന്റെ മകള്‍ മതേശ്വരിക്ക് സാരമായി പരിക്കേറ്റു. കുട്ടിയുടെ ഒരു കൈ ഒടിഞ്ഞുതൂങ്ങിയിരുന്നു. വീട്ടുപകരണങ്ങളും സംഘം തകര്‍ത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17ന് പെണ്‍കുട്ടിയുടെ വീട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിന് വോട്ട് ചോദിച്ച് പാര്ട്ടിക്കാര് എത്തിയിരുന്നു. ഈ സമയം എസ്. രാജേന്ദ്രനുമായി ആലോചിച്ച് ചെയ്യാം എന്ന് പറഞ്ഞു. പിറ്റേന്ന് വെളുപ്പിനാണ് ഒരു പറ്റം അക്രമികള്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിലെത്തി വീട് ആക്രമിച്ചത്. പോലീസ് സ്റ്റേഷനിലേക്ക് നിരവധി തവണ വിളിച്ചിട്ടും അനക്കമുണ്ടായില്ല. നാട്ടുകാരാണ് അക്രമികളിലൊരാളെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്ന് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചത്.
അക്രമികള്‍ ഉസ്ലംപെട്ടിയില് നിന്ന് വന്നവരാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും എല്ലാവര്ക്കും സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു. എന്നാല്‍ ഇയാളെ പിടിച്ചുകൊടുത്തവര്ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസുമെടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി നേതാക്കള്‍ സ്ഥലത്തെത്തിയത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ വനിതാ കമ്മിഷന് അംഗമായിരുന്ന ഡോ. ജെ. പ്രമീളാദേവി, എറണാകുളം മേഖല പ്രസിഡന്റ് എന്‍. ഹരി, ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ശ്രീവിദ്യ രാജേഷ്, ദേവികുളം മണ്ഡലം ജന. സെക്രടറി പി.പി. മുരുകന്, കന്തകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. എസ്. രാജേന്ദ്രനുമായി സൗഹൃദ സംഭാഷണം നടത്തി കാര്യങ്ങള്‍ തിരക്കിയാണ് സംഘം മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: