ഭോപ്പാല്‍: മധ്യപ്രദേശില്‍ മണല്‍ മാഫിയ സംഘം അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ഷഹ്ദോള്‍ ജില്ലയിലെ ഖദോളി ഗ്രാമത്തിന് സമീപം മണല്‍ക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സംഭവം.
സിംഘ്പൂര്‍ സ്വദേശിയായ മഹേന്ദ്ര ബാഗ്രി (37) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.45 ന് രണ്ട് സഹ പ്രവര്‍ത്തകര്‍ക്കൊപ്പം ഖദോളിയിലെത്തിയതാണ് ബാഗ്രി. പോലീസിനെ കണ്ട മണല്ക്കടത്തുസംഘം മണല്‍ നിറച്ച ട്രാക്ടര്‍ അവര്‍ക്കുനേരെ ഓടിച്ചു ഭീഷണിപ്പെടുത്തി. ഇത് കൂസാതെ ബാഗ്രി ഡ്രൈവറിനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ എഎസ്ഐയുടെ മേല്‍ വാഹനംഇടിച്ചു കയറ്റുകയായിരുന്നു. ബാഗ്രി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഇതുമായി ബന്ധപ്പെട്ട് 19 കാരനായ ഡ്രൈവര്‍ രാജ് റാവത്ത്, ട്രാക്ടര്‍ ഉടമയുടെ മകന് അശുതോഷ് സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രാക്ടറിന്റെ ഉടമ ഒളിവിലാണ്. ഇയാളെ കുറിച്ച് വിവരം നല്കുന്നവര്ക്കായി പോലീസ് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
സംധിന് നദിയില്‍ നിന്ന് മണല്കടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് അറസ്റ്റ് വാറണ്ടുമായാണ് പോലീസെത്തിയത്. ട്രാക്ടര്‍ ഉടമയ്ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണെന്നും ഷഹ്ദോള്‍ എസ്പി കുമാര്‍ പ്രതീക് പറഞ്ഞു. മണല്‍ക്കടത്ത് ചോദ്യം ചെയ്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനേയും കഴിഞ്ഞ നവംബര്‍ 25ന് ഇവര്‍ കൊലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: