തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് തല്ക്കാലം വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. പൂവില്‍ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോര്‍ട്ടും ഇതുവരെയും ലഭിച്ചിട്ടില്ല.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന് എന്ന യുവതി അരളിപ്പൂ ചവയ്ക്കുകയും തുടര്‍ന്ന് വിഷം ഉള്ളില്‍ പോയി കുഴഞ്ഞ് വീണ് മരിച്ച വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു പ്രശാന്ത്. സൂര്യ സുരേന്ദ്രന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടും ലഭിക്കണം. അരളിപ്പൂവില്‍ വിഷം ഉണ്ടെന്ന് ആധികാരിമായി റിപ്പോര്‍ട്ട് ലഭിക്കണം. സര്‍ക്കാരോ ആരോഗ്യവകുപ്പോ റിപ്പോര്‍ട്ട് നല്‍കിയാലെ നടപടി സ്വീകരിക്കാനാകൂ.
നിലവില്‍ അരളിപ്പൂവിന്റെ ഉപയോഗം കുറച്ചിട്ടുണ്ട്. നിവേദ്യ പൂജകള്‍ക്കൊന്നും ഉപയോഗിക്കുന്നില്ല. അരളിപ്പൂവ് ഉപയോഗിക്കണമെന്ന് ഒരു മൂര്‍ത്തിയുടെ ആരാധനയിലും പറഞ്ഞിട്ടില്ല. പുഷ്പാഭിഷേകത്തിനാണ് അരളി കൂടുതലായി ഉപയോഗിച്ച് വരുന്നത്. ക്ഷേത്ര പരിസരങ്ങളില്‍ അരളി വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കില്ല.
അരളിപ്പൂവ് ഉപയോഗിക്കരുതെന്ന് ഒരു തന്ത്രി നേരത്തെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ബോര്‍ഡ് യോഗം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ടവരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ ക്ഷേത്രങ്ങളിലും അരളിപ്പൂവിന് നിരോധനം ഏര്‍പ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: