തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ നിര്‍ത്തിയിട്ട് യാത്ര തടഞ്ഞ സംഭവത്തില്‍ പരിശോധിച്ച് നടപടിക്ക് കന്റോണ്‍മെന്റ് പൊലീസിന് കോടതി നിര്‍ദ്ദേശം. അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയില്‍ ആണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
സര്‍ക്കാര്‍ ജീവനക്കാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നാണ് അഭിഭാഷകന്‍ നല്‍കിയ പരാതി.
അതേസമയം മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും കുടുംബാംഗങ്ങളും ചേര്‍ന്ന് ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ യദുവും കോടതിയിലെത്തി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി .സച്ചിന്‍ദേവ് ബസില്‍ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
പരാതി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി. പൊലീസ് യദുവിന്റെ പരാതിയില്‍ കേസെടുക്കാന്‍ തയാറാകാത്തത് ചര്‍ച്ചയാകവെയാണ് കേസ് കോടതിയിലെത്തുന്നത്. അതിനിടെ ബസിലെ കണ്ടക്ടര്‍ സുബിന്‍ പിന്‍സീറ്റില്‍ ഇരുന്നതിനാല്‍ എംഎല്‍എ ബസില്‍ കയറിയത് കണ്ടില്ലെന്ന് നല്‍കിയ മൊഴി കള്ളമാണെന്ന് യദു കുറ്റപ്പെടുത്തി.
സംഭവം ഉണ്ടായ ശേഷം വിഷയം കണ്ടക്ടര്‍ ഫോണില്‍ വിളിച്ചറിയിച്ചത് ഡി വൈ എഫ് ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാ എം പിയുമായ എ എ റഹീമിനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: