ന്യൂദൽഹി: മുൻ ദൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി, മുൻ സിറ്റി ഗവൺമെൻ്റ് മന്ത്രി രാജ് കുമാർ ചൗഹാൻ, മുൻ എംഎൽഎമാരായ നീരജ് ബസോയ, നസീബ് സിംഗ് എന്നിവരുൾപ്പെടെ മറ്റ് ചില നേതാക്കൾക്കൊപ്പം ശനിയാഴ്ച ബിജെപിയിൽ ചേർന്നു. എഎപിയുമായുള്ള പാർട്ടിയുടെ സഖ്യത്തിൽ പ്രതിഷേധിച്ച് അടുത്തിടെ ദൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലൗലി രാജിവച്ചിരുന്നു.
കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെയും പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെയും സാന്നിധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നത്. തുടർന് മുൻ കോൺഗ്രസ് നേതാക്കളെല്ലാം ആം ആദ്മി പാർട്ടി ഉൾപ്പെടുന്ന പ്രതിപക്ഷ ഇൻഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ചു.
തനിക്കും സഹപ്രവർത്തകർക്കും എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നിയപ്പോൾ പാർട്ടിയിൽ ചേരാൻ അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതൃത്വത്തെ ലവ്‌ലി അഭിനന്ദിച്ചു. ഇപ്പോൾ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ മോദി അധികാരം നിലനിർത്തുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
തെരഞ്ഞെടുപ്പിനായി ദേശീയ തലസ്ഥാനത്ത് കനയ്യ കുമാറും ഉദിത് രാജും ഉൾപ്പെടെയുള്ളവരെ പാർട്ടി സ്ഥാനാർത്ഥികളായി തിരഞ്ഞെടുത്തതിൽ അദ്ദേഹവും മറ്റ് ചില നേതാക്കളും അസ്വസ്ഥരായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
അതേ സമയം ഈ നേതാക്കളെ അഭിനന്ദിച്ച കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അവരുടെ സേവനം ബിജെപി ഫലപ്രദമായി ഉപയോഗിക്കുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: