സിസൈ : എൻഡിഎ സർക്കാർ അഴിമതിക്കാരായ ശക്തികളുടെ മുഖംമൂടി അഴിച്ചുമാറ്റിയെന്നും അഴിമതിയിൽ ഏർപ്പെട്ടവരെല്ലാം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പറഞ്ഞു.
ജയിലിൽ കിടക്കുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ പേരെടുത്തു പറയാതെ ആഞ്ഞടിച്ച മോദി, കോൺഗ്രസിന്റെയും പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന്റെയും നേതാക്കൾ അഴിമതിക്കാരെ പിന്തുണച്ച് റാലികൾ സംഘടിപ്പിക്കാറുണ്ടെന്ന് പറഞ്ഞു. ലോഹർദാഗ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സമീർ ഒറോൺന്റെ പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി അഴിമതിക്ക് പിന്നിലാണ് പായുന്നത്. എന്നാൽ ഈ വിപത്ത് തുടച്ചുനീക്കാൻ മോദി പ്രതിജ്ഞാബദ്ധനാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഴിമതിയിൽ ഏർപ്പെട്ടവരെല്ലാം നിയമനടപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇൻഡി ബ്ലോക്ക് നേതാക്കൾ, ദൽഹിയിലും റാഞ്ചിയിലും ഉൾപ്പെടെ അഴിമതിക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് റാലികൾ നടത്തുന്നു. ഇത് അവരുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
2004 മുതൽ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ ചീഞ്ഞളിഞ്ഞിരുന്നുവെന്നും ആദിവാസി കുട്ടികൾ പട്ടിണി മൂലം മരിച്ചെന്നും ആരോപിച്ച് ആദിവാസി ജില്ലകളുടെ പിന്നാക്കാവസ്ഥയ്ക്ക് കോൺഗ്രസിനെയും മോദി കുറ്റപ്പെടുത്തി.
കൂടാതെ ദരിദ്രർക്ക് സൗജന്യ റേഷൻ വിതരണം തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ല, ഇതാണ് മോദിയുടെ ഉറപ്പെന്നും പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. ദരിദ്രർക്ക് ഇൻ്റർനെറ്റ് ലഭ്യമാക്കുന്നത് എൻഡിഎ സർക്കാർ ഉറപ്പാക്കിയെന്ന് മോദി പറഞ്ഞു, മുൻപ് കോൺഗ്രസ് ഭരണകാലത്ത് സമ്പന്നർക്ക് മാത്രമായിരുന്നു ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനു പുറമെ പാർട്ടിയുടെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ മാവോയിസ്റ്റുകൾക്കെതിരെ നടപടിയെടുക്കാത്തതിന് കോൺഗ്രസിനെ പ്രധാനമന്ത്രി ആഞ്ഞടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: