ന്യൂദല്‍ഹി: അമേഠിയില്‍ ഇനിയൊരിക്കലും ജയിക്കില്ലെന്നുറപ്പായതോടെ റായ്ബറേലിയിലേക്കു മാറി രാഹുല്‍. ഏറെ അനിശ്ചിതാവസ്ഥയ്ക്കൊടുവില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി രാഹുല്‍ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഹുല്‍ മാറിയ അമേഠിയില്‍ നെഹ്റു കുടുംബത്തിന്റെ മാനേജര്‍ കിഷോരി ലാല്‍ ശര്‍മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. മേയ് 20നാണ് രണ്ടിടത്തും വോട്ടെടുപ്പ്.
യുപിയില്‍ കോണ്‍ഗ്രസിനു ശേഷിക്കുന്ന ഏക സീറ്റാണ് റായ്ബറേലി. നിലവിലെ എംപി സോണിയ രാജ്യസഭയിലേക്ക് മാറിയ പശ്ചാത്തലത്തില്‍ പ്രിയങ്ക വാദ്ര ഇവിടെ മത്സരിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ പ്രിയങ്ക പിന്മാറുകയും രാഹുല്‍ യുപിയില്‍ മത്സരിക്കണമെന്നത് പാര്‍ട്ടിയില്‍ ശക്തമാകുകയും ചെയ്തു.
നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായിരുന്നു ഉത്തര്‍പ്രദേശിലെ അമേഠിയും റായ്ബറേലിയും. എന്നാല്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുല്‍ അമേഠിയില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. സുരക്ഷിതമായ രണ്ടാം മണ്ഡലമായി വയനാട് മത്സരിച്ച രാഹുല്‍ മുസ്ലിം ലീഗിന്റെ പിന്തുണയോടെ വിജയിച്ചു. ഇത്തവണയും രാഹുല്‍ വയനാട് മത്സരിക്കുന്നുണ്ട്. 2004 മുതല്‍ തുടര്‍ച്ചയായ മൂന്നുവട്ടം അമേഠിയില്‍ നിന്നു വിജയിച്ച രാഹുല്‍ കഴിഞ്ഞ തവണയാണ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ടത്. രാഹുലിന് അമേഠിയില്‍ തിരിച്ചടി ലഭിച്ചേക്കുമെന്ന ആശങ്കയിലാണ് മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ വയനാട് രണ്ടാം മണ്ഡലമായി തെരഞ്ഞെടുത്തത്.
1952 മുതല്‍ നെഹ്റു കുടുംബത്തിന്റെ കുത്തകയായ റായ്ബറേലിയില്‍ ഫിറോസ് ഗണ്ഡിയാണ് ആദ്യ എംപി. 1967, 1980 കാലങ്ങളില്‍ ഇന്ദിര ഗാന്ധിയും ഇവിടെ വിജയിച്ചു. അരുണ്‍ നെഹ്റു, ഷീല കൗള്‍, സതീഷ് ശര്‍മ തുടങ്ങിയ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരും ഇടയ്ക്ക് ഇവിടെ വിജയിച്ചു. 1996, 1998 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം ആദ്യമായി ബിജെപിക്കൊപ്പമെത്തി. അശോക് സിങ്ങാണ് ഇവിടെ വിജയിച്ചത്. എന്നാല്‍ 2004 മുതല്‍ സോണിയ ഗാന്ധിയാണ് മണ്ഡലത്തിലെ എംപി.
2019ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ദിനേശ് പ്രതാപ് സിങ് ബിജെപിയുടെ വോട്ട് രണ്ടു ലക്ഷത്തോളം ഉയര്‍ത്തി സോണിയയ്ക്കു വെല്ലുവിളിയുയര്‍ത്തിയിരുന്നു. ഇത്തവണയും ദിനേശ് പ്രതാപ് സിങ് തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. യുപി മന്ത്രിസഭാംഗം കൂടിയായ സിങ് അഞ്ചു വര്‍ഷമായി റായ്ബറേലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണ്. യുപിയിലെ നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ രാഹുലിനെ കാത്തിരിക്കുന്നത് കടുത്ത മത്സരം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: