ന്യൂദല്‍ഹി: റായ്ബറേലിയില്‍ മത്സരിക്കാനുള്ള രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രിയങ്ക വാദ്രയെ റായ്ബറേലിയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി മനഃപൂര്‍വം അനുവദിക്കാത്തതാണെന്നും ഗൂഢാലോചനയ്‌ക്ക് പ്രിയങ്ക ഇരയായെന്നും പ്രമോദ് കൃഷ്ണം ആരോപിച്ചു.
പ്രിയങ്കയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഹുല്‍ അനുവദിക്കില്ലെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. പ്രിയങ്കക്കെതിരെ കുടുംബത്തിലും പാര്‍ട്ടിയിലും വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. കുടുംബത്തിലും പാര്‍ട്ടിയിലും നടന്ന ഗൂഢാലോചനയുടെ ഇരയാണ് പ്രിയങ്ക.
അമേഠിയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ വാരാണസിയില്‍ മത്സരിക്കുകയാണ് വേണ്ടിയിരുന്നത്. ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്ന ഒരാള്‍ രാജ്യത്തെ ജനങ്ങളോട് ഭയപ്പെടേണ്ട എന്നു പറഞ്ഞ് അമേഠിയില്‍ നിന്ന് ഒളിച്ചോടുകയാണ്. രാഹുലിന് പേടിയാണ്. ഇത് കോണ്‍ഗ്രസിന്റെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് കാണിക്കുന്നതെന്നും ആചാര്യ പ്രമോദ് കൃഷ്ണം കൂട്ടിച്ചേര്‍ത്തു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഖ്നൗ വില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് പ്രമോദ് കൃഷ്ണം. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്ന അദ്ദേഹത്തിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: