Categories: News

സൂര്യയുടെ മരണം: വില്ലന്‍ അരളിയെന്ന് സംശയം ബലപ്പെടുന്നു

Published by

ഹരിപ്പാട്: യുകെയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്‌സ് സൂര്യ സുരേന്ദ്രന്റെ(23) മരണത്തിന് കാരണം അരളിപ്പൂവിലെ വിഷാംശമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്‌ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്.

ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലം കൂടി പുറത്തുവന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ലണ്ടനില്‍ ജോലി കിട്ടി പുറപ്പെടുന്നതിന് മുമ്പ് അയല്‍വീട്ടിലേക്ക് യാത്ര പറയാന്‍ പോയിരുന്നു.

ഇതിനിടെ ഫോണില്‍ സംസാരിക്കുന്നതിനിടെ അരളിയുടെ ഇലയും പൂവും നുള്ളി വായിലിട്ട് ചവച്ചു. ഉടന്‍ തന്നെ തുപ്പി കളഞ്ഞെങ്കിലും അതിന്റെ അംശങ്ങള്‍ ഉള്ളിലേക്ക് പോയി. തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സൂര്യ യാത്രാമധ്യേ ഛര്‍ദ്ദിച്ചു. ഇമിഗ്രേഷന്‍ ചെക്കിങ്ങിനിടെ കുഴഞ്ഞുവീണ സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അകാലത്തില്‍ മകളെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഹരിപ്പാട് പള്ളിപ്പാട് കൊണ്ടുരേത്ത് വീട്ടില്‍ സുരേന്ദ്രന്‍- അനിത ദമ്പതികള്‍. ഏറെനാള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ജോലിയായിരുന്നു സൂര്യക്ക് ലഭിച്ചത്. എസ്എസ്എല്‍സി മുതല്‍ ബിഎസ്‌സി നഴ്‌സിങ് വരെ പാസായത് ഉയര്‍ന്ന മാര്‍ക്ക് നേടിയാണ്.

അരളിയുടെ എല്ലാ ഭാഗങ്ങളും വിഷാംശം ഉള്ളതാണെന്നും ശരീരത്തിനുള്ളില്‍ കടന്നാല്‍ നേരിട്ട് ഹൃദയത്തെ ബാധിക്കുമെന്നും സൂര്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അരളിയുടെ ഒരില പോലും ഒരാളുടെ ജീവനെടുക്കാന്‍ വിഷാംശമുള്ളതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by