റായ്പൂര്‍(ഛത്തിസ്ഗഡ്): ഛത്തിസ്ഗഡ് മദ്യ അഴിമതിക്കേസില്‍ 205.49 കോടിയുടെ വസ്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മദ്യ ഇടപാടുമായി ബന്ധപ്പെട്ട രണ്ടായിരം കോടിയുടെ കള്ളപ്പണ ഇടപാടിലാണ് നടപടി. 179 സ്ഥാവര ജംഗമ വസ്തുക്കളാണ് ഇന്നലെ പിടിച്ചെടുത്തത്. സംസ്ഥാന പോലീസ് എടുത്ത കേസിനെ അടിസ്ഥാനമാക്കി ഇ ഡി പുതിയ എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുന്‍ ഐഎഎസ് ഓഫീസര്‍ അനില്‍ തുതേജയുടെ 15.82 കോടി വില വരുന്ന 14 വസ്തുവകകള്‍ കണ്ടുകെട്ടിയിട്ടുണ്ട്. കേസില്‍ പ്രതികളായ അന്‍വര്‍ ധേബാറിന്റെ 116.16 കോടി, വികാസ് അഗര്‍വാളിന്റെ 1.54 കോടി, അരവിന്ദ് സിങ്ങിന്റെ 12.99 കോടി, അരുണ്‍ ത്രിപാഠിയുടെ 1.35 കോടി, ത്രിലോക് സിങ് ധില്ലന്റെ 28.13 കോടി വില വരുന്ന വസ്തുക്കളും നവീന്‍ കേഡിയയുടെ 27.96 കോടിയുടെ ആഭരണങ്ങളുമാണ് പിടിച്ചെടുത്തത്. വാഹനങ്ങളും കണ്ടെടുത്തിട്ടുണ്ട്, ഇ ഡി പ്രസ്താവനയില്‍ അറിയിച്ചു.
റായ്പൂരില്‍ അന്‍വര്‍ ധേബാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ വെന്നിങ്ടണ് കോര്‍ട്ടും ഇ ഡി കണ്ടുകെട്ടി. 2019 മുതല്‍ 2022 വരെ ബാറുകളും ഡിസ്റ്റിലറികളും അനുവദിക്കുന്ന വകയില്‍ നടത്തിയ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കള്ളപ്പണ ഇടപാടുകള്‍ പുറത്തായത്. അനധികൃതമായി മദ്യമെത്തിച്ച് ഡിസ്റ്റിലറികള്‍ വഴി വില്‍ക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ചു എന്നും തെളിഞ്ഞിട്ടുണ്ട്. ഡിസ്റ്റിലറികളില്‍ നിന്ന് കൈക്കൂലിപ്പണവും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ മുന്‍ ഐഎഎസ് ഓഫീസര്‍ അനില്‍ തുതേജ ഇ ഡി കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: