തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം വൈകിപ്പിച്ചത് സര്‍ക്കാരിന്റെ അറിവോടെയെന്നത് വ്യക്തമായി. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് നല്‍കേണ്ട കത്ത് വഴിതിരിച്ചുവിടുകയും സുപ്രധാനമായ പ്രഫോമ റിപ്പോര്‍ട്ട് കൈമാറാതിരിക്കുകയും ചെയ്തതുവഴി സി.ബി.ഐ അന്വേഷണം വൈകിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനായി അന്വേഷണം വൈകിപ്പിച്ചതിന്റെ പേരില്‍ അന്ന് സസ്പെന്‍ഡു ചെയ്ത മൂന്ന് ഉദ്യോഗസ്ഥരെയും വകുപ്പുതല അന്വേഷണം പൂര്‍ത്തിയാകും മുന്‍പു തന്നെ സര്‍ക്കാര്‍ തിരിച്ചെടുത്തു. ജനരോഷം ഭയന്ന് തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് വ്യക്തം. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനാ നേതാക്കളായ ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി വി.കെ പ്രശാന്ത, സെക്ഷന്‍ ഓഫീസര്‍ വി കെ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് വിശദീകരണം ബോധ്യപ്പെട്ടുവെന്ന ന്യായീകരണത്തോടെ തിരിച്ചെടുത്തത്. ഇവരുടെ സസ്പെന്ഷന് കാലയളവ് ക്രമീകരിച്ചു കൊടുക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത് മാര്‍ച്ച് 9നാണ് .16ന് ഇതു സംബന്ധിച്ച കത്ത് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് നല്കേണ്ടതിനു പകരം കൊച്ചിയിലെ സി.ബി.ഐ ഓഫീസിലാണ് എത്തിച്ചത്. മാത്രമല്ല , സുപ്രധാനമായ പ്രഫോമ റിപ്പോര്‍ട്ട് ഉള്ളടക്കം ചെയ്തുമില്ല. കേരളീയ മനസാക്ഷിയെ പിടിച്ചു കുലുക്കിയ സുപ്രധാനമായ കേസില്‍ സിബിഐ അന്വേഷണം വൈകിപ്പിക്കാന്‍ ഗൂഢാലോചന നടന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ സസ്പെന്ഷന് നാടകം. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ജനരോഷം ശമിപ്പിക്കാനായിരുന്നു സി.ബി.ഐ അന്വേഷണ പ്രഖ്യാപനവും വൈകിപ്പിക്കലും സസ്പെന്‍ഷനുമെന്ന് വോട്ടെടുപ്പ് അവസാനിച്ച ഉടന്‍ ഇവരെ തിരിച്ചെടുത്തത് വഴി വ്യക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: