ആലപ്പുഴ: വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ മണികുറുകള്‍ക്കകം ആലപ്പുഴ നോര്‍ത്ത് പോലിസിന്റെ പിടിയിലായി. കലവൂര്‍ എക്‌സല്‍ ഗ്ലാസിനു സമീപം രണ്ട് വണ്ടികളിലായി മാലിന്യം തള്ളിയതു ഫോട്ടോയെടുത്ത ഐടി പ്രൊഫഷനലുകളായ യുവാക്കളെ അവിടെ നിന്നും പിന്തുടര്‍ന്ന് പാതിരപ്പള്ളിക്ക് സമീപംവെച്ച് ടാങ്കര്‍ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെയാണ് പിടികൂടിയത്.
തണ്ണീര്‍മുക്കം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ശരത്ത് (29), തണ്ണീര്‍മുക്കം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വിവേക് നിവാസ് വീട്ടില്‍ വിവേക് (30), എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 29ന് രാവിലെ 5.30ന് പാതിരപ്പള്ളി പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം നടന്നത്. സുഹൃത്തിനെ റെയില്‍വേ സ്റ്റേഷനിലേക്ക് ആക്കുവാന്‍ ബൈക്കില്‍ പോയ രണ്ട് യുവാക്കള്‍ കലവൂര്‍ എക്‌സല്‍ ഗ്ലാസിനു സമീപം രണ്ട് വണ്ടികളിലായി മാലിന്യം ദേശീയപാതയ്‌ക്കരികില്‍ റോഡരുകില്‍ തള്ളുന്നത് കണ്ട് വീഡിയോ എടുത്തു. ഇതുകണ്ട ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ടാങ്കര്‍ ലോറിയില്‍ യുവാക്കളെ പിന്തുടരുകയും പാതിരപ്പള്ളി പെട്രോള്‍ പമ്പിനു സമീപം വച്ച് ഇരുവരും സഞ്ചരിച്ചുവന്ന ബൈക്ക് ഇടിച്ചു വീഴ്‌ത്തിയ ശേഷം കടന്നുകളയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ അജിത്ത്,സോജു എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തിന് ശേഷം ഒന്നാം തീയതിയാണ് പോലീസില്‍ പരാതി ലഭിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ സംശയം തോന്നിയ തുരുത്തിപ്പള്ളി, പുച്ചാക്കല്‍, 11-ാം മൈല്‍, പുത്തനമ്പലം എന്നീ ഭാഗങ്ങളിലെ മാലിന്യം എടുക്കുന്ന വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കളര്‍കോട് ഭാഗത്തുള്ള ഹോട്ടലില്‍ നിന്നും മാലിന്യം എടുക്കുന്ന വണ്ടിക്കാരാണ് പ്രതികളെന്ന് മനസിലാക്കി. തണ്ണീര്‍മുക്കം ഭാഗത്ത് വെച്ച് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈന്‍, റോബിന്‍സണ്‍, അനില്‍കുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മഹേഷ്, സുജിത്ത്, വിനു, പ്രജിത്ത് ഹരീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: