മുംബൈ: ഗൗതം അദാനിയുടെ മകൻ കരൺ അദാനി നയിക്കുന്ന അദാനി പോർട്ട്സിന് എഎഎ റേറ്റിംഗ് ലഭിച്ചു. ആഗോള റേറ്റിംഗ് സ്ഥാപനമായി കെയർ റേറ്റിംഗ്‌സ് ആണ് ട്രിപ്പിള്‍ എ റേറ്റിംഗ് നൽകി. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ നൽകുന്ന ഏറ്റവും ഉയർന്ന റേറ്റിംഗാണിത്. അതായത് ഒരു ഇന്ത്യൻ കമ്പനിക്ക് കരസ്ഥമാക്കാവുന്ന ഏറ്റവും ഉയർന്ന റേറ്റിംഗ് .
കമ്പനിയുടെ ശക്തമായ വായ്‌പായോഗ്യതയും, അതിന്റെ എല്ലാ സാമ്പത്തിക മാർഗനിർദ്ദേശങ്ങളും നിറവേറ്റാനുള്ള കഴിവും സൂചിപ്പിക്കുന്ന റേറ്റിംഗ് ആണിത്. യുഎസ് ഷോർട്ട്‌സെല്ലർ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്ന് സംശയനിഴലിലായ സ്ഥാപനമാണ് നിലവിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. ‘ഞങ്ങളുടെ സാമ്പത്തിക അച്ചടക്കവും, വൈവിധ്യവൽക്കരിച്ച ആസ്തി അടിസ്ഥാനവും, ഉപഭോക്തൃ അടിത്തറയും ആഗോളതലത്തിൽ ഈ മേഖലയിലെ ഏറ്റവും ഉയർന്ന ലാഭവും നൽകാനുള്ള പ്രതിബദ്ധതയും സൂചിപ്പിക്കുന്നു.’- അദാനി പോര്‍ട്സ് ഡയറക്ടർ കരൺ അദാനി പറഞ്ഞു.
2,86,000 കോടി രൂപയാണ് നിലവിൽ കമ്പനിയുടെ വിപണി മൂല്യം. കമ്പനിയുടെ ശക്തമായ സംയോജിത ബിസിനസ് മോഡൽ, പ്രബലമായ വ്യവസായ സ്ഥാനം, ആരോഗ്യകരമായ ലാഭക്ഷമതയുള്ള പ്രവർത്തനങ്ങളിലെ ശക്തമായ വളർച്ച, ഉയർന്ന ദ്രവ്യത, കുറഞ്ഞ ലിവറേജ് എന്നിവയാണ് റേറ്റിംഗിലേയ്‌ക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അടുത്ത ദശകത്തിൽ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ- ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമായി വളരുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: