ഈരാറ്റുപേട്ട (കോട്ടയം): നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷക പലിശ, സുരക്ഷിതത്വം എന്നിവ ഉറപ്പു നല്കിയായിരുന്നു ഈരാറ്റുപേട്ട സര്‍വീസ് സഹകരണ ബാങ്കിന്റെ വാഗ്ദാനങ്ങള്‍. എന്നാല്‍ ബാങ്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നിക്ഷേപിച്ച പണത്തിന് ഇപ്പോള്‍ പലിശ പോലും ലഭിക്കുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. പണം തിരികെ ആവശ്യപ്പെട്ട് പതിനഞ്ചോളം നിക്ഷേപകര്‍ കഴിഞ്ഞ ദിവസം ബാങ്കിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് നിയന്ത്രിക്കുന്നത്.
10,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപമിട്ട നൂറിലധികം സഹകാരികളാണ് പരാതിയുമായി രംഗത്തുള്ളത്. നിക്ഷേപ തുക എത്രയായാലും ആഴ്ചയില്‍ ആയിരം രൂപയില്‍ കൂടുതല്‍ ആര്‍ക്കും തിരികെ നല്കുന്നില്ലെന്ന് ഭരണങ്ങാനം സ്വദേശി ടോമി ജോസഫ് പറയുന്നു. പണം പിന്‍വലിക്കാനും സാധിക്കുന്നില്ല. രോഗികളും പ്രായമായവരും നിക്ഷേപകരിലുണ്ടെന്നും ടോമി ജോസഫ് പറഞ്ഞു. ഇതിനിടെ ഈരാറ്റുപേട്ട നിവാസികള്‍ക്ക് മാത്രം കുറെയൊക്കെ പണം മടക്കി നല്കുകയും പുറത്ത് നിന്നുള്ള നിക്ഷേപകരെ അവഗണിക്കുന്നതായും ആരോപണം ഉണ്ട്.
മന്ത്രിമാര്‍ക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പലതവണ പരാതി നല്കിയെങ്കിലും ശരിയാക്കാം എന്ന മറുപടിയല്ലാതെ ഒന്നും നടന്നില്ല. നവകേരള സദസില്‍ നല്കിയ പരാതിക്ക് എല്ലാം തീര്‍പ്പാക്കിയെന്ന മറുപടിയും ലഭിച്ചു. നിക്ഷേപിച്ച പണമോ നീതിയോ ലഭിച്ചില്ല. ഇതോടെയാണ് പ്രതിഷേധവുമായി സഹകാരികള്‍ രംഗത്തെത്തിയത്.
ബാങ്ക് വായ്പ കൊടുത്ത പണം തിരിച്ചുപിടിക്കാനുള്ള നടപടി ആരംഭിക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ മാറുമെന്നും മീനച്ചില്‍ താലൂക്കിലെ മറ്റൊരു സഹകരണ ബാങ്കിലെ പ്രതിസന്ധി ഈ രീതിയില്‍ മറികടന്നെന്നും ടോമി ജോസഫ് പറഞ്ഞു. ടോമി ജോസഫിനൊപ്പം ലോസണ്‍ ജോസ്, സണ്ണി സേവ്യര്‍, ജോസഫ് പി. കാഞ്ഞശേരില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിക്ഷേപകര്‍ പ്രതിഷേധിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് ഭരണസമിതി അറിയിച്ചത്. ഇല്ലെങ്കില്‍ തുടര്‍സമരവുമായി രംഗത്തെത്തുമെന്നും നിക്ഷേപകര്‍ പറഞ്ഞു.
സഹകരണ ബാങ്കില്‍ 12 കോടിയുടെ നിക്ഷേപമാണുള്ളത്. ഇതില്‍ ഏഴു കോടി രൂപയാണ് വായ്പയായി നല്കിയിരിക്കുന്നത്. അഞ്ചു കോടിയോളം നഷ്ടത്തിലാണ് ബാങ്ക് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വായ്പ എടുത്തവര്‍ തിരികെ അടയ്‌ക്കുകയോ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുകയോ ചെയ്യാതെ പണം തിരികെ നല്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് ബാങ്ക് പ്രസിഡന്റ് എം. എച്ച്. ഷനീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: