അയോദ്ധ്യ: രാഷ്ട്രപതി ദ്രൗപദി മുര്‍മു അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില് ദര്‍ശനം നടത്തി. ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ച് രാംലല്ലയില്‍ പ്രത്യേക പൂജകള്‍ നടത്തിയ രാഷ്ട്രപതി മുര്‍മു ഭഗവാന് ശ്രീരാമന് ഭാരത സംസ്കാരത്തിന്റെയും ഭാരതീയ സമൂഹത്തിന്റെയും മുഖമുദ്രയാണെന്ന് വിശേഷിപ്പിച്ചു. ഭഗവാന് ശ്രീരാമന്റെ ബാലകരൂപം ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പ്രേരണയായി രാമക്ഷേത്രം മാറുമെന്നും മുര്‍മു പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്മാരുടേയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചതായും രാഷ്ട്രപതി എക്സില്‍ കുറിച്ചു.
ബുധനാഴ്ച രാവിലെ അയോദ്ധ്യയിലെത്തിയ രാഷ്ട്രപതി രാമക്ഷേത്രത്തിലെത്തി ആരതി നടത്തി. തുടര്‍ന്ന് സമീപത്തെ ഹനുമാന് ഗഡി ക്ഷേത്രത്തിലും ദര്‍ശനം നടത്തി ആരതി ചടങ്ങുകള്‍ നിര്‍വഹിച്ചു. സരയൂ നദീ തീരത്തെത്തി ആരതി നടത്തിയ ശേഷമായിരുന്നു രാഷ്ട്രപതിയുടെ രാമക്ഷേത്ര സന്ദര്‍ശനം. രാമക്ഷേത്രത്തിന് സമീപത്തെ കുബേര്‍ ടിലയിലെത്തി ജഡായുവിന്റെ പ്രതിമയിലും രാഷ്ട്രപതി പൂജകള്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: