തിരുവനന്തപുരം: ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരിച്ചതിനെതിരേ പ്രതിഷേധവുമായി വിവിധ ജില്ലകളിലെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍. 4/2024 സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് ടെസ്റ്റും, ഡ്രൈവിങ്ങ് പരിശീലനവും ബഹിഷ്‌കരിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
കൂടിയാലോചനകള്‍ ഒന്നുമില്ലാതെ മന്ത്രി ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ ആരോപിക്കുന്നത്. ആലപ്പുഴയില്‍ പ്രതിഷേധം മൂലം ഡ്രൈവിങ്ങ് ടെസ്റ്റ് നടത്താനായില്ല. കോഴിക്കോടും ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രതിഷേധിച്ചതിനാല്‍ ടെസ്റ്റ് തടസ്സപ്പെട്ടു. പത്തനംതിട്ടയില്‍ സിഐടിയു, ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ സംയുക്ത സമരം നടന്നു. സമരക്കാരോട് മാറാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ടെസ്റ്റ് നടത്താന്‍ സമരക്കാര്‍ അനുവദിച്ചില്ല.
അടിമുടി മാറ്റം വരുത്തിയുള്ള പരിഷ്‌കാരങ്ങള്‍ ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിക്കും. ടെസ്റ്റുകളുടെ എണ്ണം കുറയ്‌ക്കുന്നതും, 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിങ്ങ് പരീശീലനത്തിന് ഉപയോഗിക്കരുത് എന്ന നിര്‍ദേശവുമാണ് ഡ്രൈവിങ്ങ് പരിശീലകരെ പ്രധാനമായും ചൊടിപ്പിച്ചിരിക്കുന്നത്.
ഇതിനുപുറമെ, വാഹനങ്ങളില്‍ ക്യാമറയും ജി.പി.എസ്. സംവിധാനവും നല്‍കണമെന്ന ആവശ്യത്തിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ വരുത്തി ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാനാണ് മന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചത്. പ്രതിദിന ടെസ്റ്റ് 60 ആക്കും എന്ന് അറിയിച്ചിരുന്നെങ്കിലും 30 ആക്കി നിജപ്പെടുത്തി. കൂടാതെ പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരും, എച്ച് ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. എന്നാല്‍, പരിഷ്‌കരണത്തിനായി ഇറക്കിയ സര്‍ക്കുലര്‍ തന്നെ റദ്ദാക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: