ന്യൂയോര്‍ക്ക്: കോടതിയലക്ഷ്യക്കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 9,000 ഡോളര്‍ പിഴ. ഉത്തരവ് ലംഘിക്കുന്നത് തുടര്‍ന്നാല്‍ അദ്ദേഹത്തെ ജയിലിലടയ്‌ക്കുമെന്ന് കോടതി മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ന്യൂയോര്‍ക്ക് ഹഷ് മണി കേസുമായി ബന്ധപ്പെട്ട സാക്ഷികളെയും ജൂറിമാരെയും മറ്റ് ചിലരെയും കുറിച്ച് പരസ്യമായി പ്രസ്താവന നടത്തുന്നതില്‍ നിന്ന് വിലക്കിയ കോടതി ഉത്തരവ് ആവര്‍ത്തിച്ച് ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. സമ്പന്നനായ ഒരു രാഷ്‌ട്രീയക്കാരന് ഈ പിഴ മതിയാകില്ലെന്നും എന്നാല്‍ ഉയര്‍ന്ന പിഴ ചുമത്താന്‍ തനിക്ക് അധികാരമില്ലാത്തതിനാലാണ് പിഴ കുറഞ്ഞു പോയതെന്നും ജസ്റ്റിസ് ജുവാന്‍ മെര്‍ച്ചന്‍ പറഞ്ഞു.
‘പ്രതിയുടെ നിയമാനുസൃതമായ സംസാര സ്വാതന്ത്ര്യം വെട്ടിക്കുറയ്‌ക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്, അയാള്‍ മല്‍സരിക്കുന്ന പദവിക്കായി പൂര്‍ണ്ണമായി പ്രചാരണം നടത്താനും അദ്ദേഹത്തിന് രാഷ്‌ട്രീയ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശങ്ങളെ കോടതി മാനിക്കുന്നു. എന്നിട്ടും, കോടതിയുടെ നിയമപരമായ ഉത്തരവുകളുടെ മനഃപൂര്‍വ്വം ലംഘിക്കുന്ന നടപടികള്‍ അംഗീകരിക്കാനാവില്ലെ’ന്നും കോടതി വ്യക്തമാക്കി.
പ്രോസിക്യൂട്ടര്‍മാര്‍ 10 നിയമലംഘനങ്ങള്‍ ആരോപിച്ചിരുന്നു. കോടതി ഒമ്പത് നിയമലംഘനങ്ങള്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: