തൃശൂര്‍: ബാങ്കില്‍ അടയ്‌ക്കാന്‍ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതിനെ വിമര്‍ശിച്ച് സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് പ്രകാരമാണ് ബാങ്കില്‍ നിന്ന് നേരത്തെ പിന്‍വലിച്ച ഒരു കോടി രൂപയും കൊണ്ട് ബാങ്കിലെത്തിയതെന്നും ഈ പണമാണ് പിടിച്ചെടുത്തതെന്നും എം എം വര്‍ഗീസ് പറഞ്ഞു.
ഈ നടപടി നിയമപരമായി നേരിടുമെന്നും സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. തങ്ങളുടെ ഭാഗത്ത് പിഴവില്ല.ബാങ്ക് ഓഫ് ഇന്ത്യ പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്‌നങ്ങളുടെ കാരണമെന്നും അദ്ദേഹം വിവരിച്ചു.
സി പി എമ്മിന്റെ പാന്‍ നമ്പര്‍ കേന്ദ്ര കമ്മിറ്റിയുടേതാണ്. അക്കൗണ്ടുകളിലെല്ലാം ഈ പാന്‍ നമ്പര്‍ ആണ് ബന്ധിപ്പിച്ചിരിക്കുന്നത്. തൃശൂരിലും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ബാങ്കിന്റെ വീഴ്ച മൂലം പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി. പാന്‍ നമ്പര്‍ തെറ്റാണെന്ന് അറിയില്ലായിരുന്നു. 30 വര്‍ഷമായുള്ള അക്കൗണ്ടാണിതെന്നും സി പി എമ്മിന് മറച്ചുവക്കാന്‍ ഒന്നുമില്ലെന്നും വര്‍ഗീസ് അവകാശപ്പെട്ടു.
പാര്‍ട്ടി ചിലവുകള്‍ക്ക് ഏപ്രില്‍ 2 ന് ബാങ്കില്‍ നിന്ന് ഒരു കോടി പിന്‍വലിച്ചു. ഏപ്രില്‍ 5 ന് ബാങ്കില്‍ പരിശോധനയ്‌ക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ പണം പിന്‍വലിച്ചത് തെറ്റായ നടപടി എന്ന് വ്യാഖ്യാനിക്കുകയും ഇടപാട് മരവിപ്പിക്കുകയും ചെയ്തു. പിന്നാലെ ആദായ നികുതി വകുപ്പ് തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍, പിന്‍വലിച്ച ഒരു കോടിയുമായി ഇന്നലെ മൂന്നു മണിക്ക് ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നല്‍കി. ഇത് പ്രകാരമാണ് പണവുമായി ബാങ്കിലെത്തിയതെന്നും എം എം വര്‍ഗീസ് വ്യക്തമാക്കി.
നിയമാനുസൃതം നടത്തിയ ബാങ്ക് ഇടപാടിലെ പണം ചിലവാക്കുന്നത് തടയുന്നതിന് ആദായ നികുതി വകുപ്പിന് അധികാരമില്ല. അനധികൃത ഉത്തരവ് പാലിക്കേണ്ടതില്ല എന്ന് ബോധ്യമുണ്ടായിട്ടും പണം ചിലവിടാതെ ഓഫീസില്‍ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് വേളയില്‍ അനാവശ്യ വിവാദം ഉണ്ടാകരുത് എന്നതിനാലാണെന്നും എം എം വര്‍ഗീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: